മഴയിൽ വീട് ഇടിഞ്ഞുവീണു, വയോധിക ദന്പതിമാർ ദുരിതത്തിൽ
1442905
Thursday, August 8, 2024 1:51 AM IST
നെന്മാറ: മഴയിൽ വീട് ഇടിഞ്ഞുവീണതിനാൽ പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകെട്ടി അഭയംതേടി വയോധികരായ ദന്പതിമാർ. നെന്മാറ വലതലയിലാണ് 83 കാരനായ വേലായുധനും എഴുപതുകാരിയായ ഭാര്യ മണിയും കഴിഞ്ഞിരുന്നത്.
കഴിഞ്ഞയാഴ്ചയിലെ കനത്ത മഴയിലാണ് മൺചുമരിൽ നിൽക്കുന്ന വീട് നനവുകയറി ഇടിഞ്ഞുവീണത്. തുടർന്ന് മഴയിൽ വീടിനുള്ളിൽ വെള്ളം നിറഞ്ഞു. ഇതോടെ ശേഷിക്കുന്ന ചുമരും നനഞ്ഞു കുതിർന്ന അപകടാവസ്ഥയിലായി.
നേരത്തെ ഓടുകൾ പൊട്ടിയും കഴുക്കോൽദ്രവിച്ചും അപകടാവസ്ഥയിലായിരുന്ന വീടിന്റെ മേൽപ്പുര സംരക്ഷിക്കാൻ ഓടിനു മുകളിലൂടെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയാണ് സംരക്ഷിച്ചിരുന്നത്. മഴയിൽ വീട് വീണതോടെ അയൽവാസികളുടെ സഹായത്തോടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഷെഡ് കെട്ടിയാണ് ഇപ്പോൾ താമസം.
കർഷകത്തൊഴിലാളിയായിരുന്ന വേലായുധൻ വർഷങ്ങൾക്കു മുമ്പ് മരത്തിൽ നിന്ന് വീണ അസുഖബാധിതനായി മൂത്രം പോകാൻ ട്യൂബ് ഇട്ട് പ്ലാസ്റ്റിക് മൂത്രസഞ്ചിയും ശരീരത്തിൽ കെട്ടി വടികുത്തിയാണ് നടത്തം. ഭാര്യ മണിക്ക് കേൾവി ശക്തിയും നഷ്ടപ്പെട്ടു. കൂടാതെ ഹൃദയസംബന്ധമായ അസുഖവും ഉണ്ട്. മേലാർകോട് പഞ്ചായത്തിലെ 12-ാം വാർഡിലെ വലതലയിലാണ് വയോധികർ ദുരിത പൂർണമായ ജീവിതം നയിക്കുന്നത്.
മൂന്ന് പെൺമക്കൾ ഉണ്ടായിരുന്നത് വർഷങ്ങൾ മുമ്പ് വിവാഹിതരായി ഇടുക്കിയിലും പെരുമ്പാവൂരിലുമാണ് കഴിയുന്നത്. നെന്മാറ, മേലാർകോട് പഞ്ചായത്തുകളിൽ നിന്ന് പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ സഹായത്തോടെ കിട്ടുന്ന മരുന്നിലാണ് ഇരുവരുടെയും ചികിത്സ തുടരുന്നത്.
പട്ടികജാതിയിൽപ്പെട്ട ഇവർക്ക് ബിപിഎൽ റേഷൻകാർഡ് മുഖേന കിട്ടുന്ന അരിയും ക്ഷേമ പെൻഷനും ആണ് ഏക ആശ്വാസം. ഇപ്പോൾ തകർന്നുവീണ മൺചുമരുള്ള വീട് നിൽക്കുന്ന സ്ഥലത്തിന്റെ നികുതി അടുത്ത കാലം വരെ അടച്ചിരുന്നതായിരുന്നു.
തണ്ടപ്പേർ നമ്പർ വേണമെന്ന് നിർദേശം വന്നതോടെ വീടു നിൽക്കുന്ന 10 സെന്റ് സ്ഥലത്തിന്റെ രേഖകൾ കാണിക്കാനും ഇവർക്ക് കഴിയുന്നില്ല.
തകർന്നുവീണ വീട്ടിൽ ഉണ്ടായിരുന്ന വൈദ്യുതി കണക്ഷൻ പ്രദേശവാസികളുടെ ആവശ്യപ്രകാരം വൈദ്യുതി വിച്ഛേദിച്ചു.
അയൽക്കാരുടെ സഹായത്തോടെ പട്ടയത്തിന് ഒരു വർഷം മുമ്പ് അപേക്ഷ നൽകിയിട്ടും ഇതുവരെയും പട്ടയം ലഭിച്ചിട്ടില്ല. താമസിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രേഖയില്ലാത്തതിനാൽ ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാനോ പുനരുദ്ധാരണത്തിനോ സാമ്പത്തിക സഹായം കിട്ടിയില്ല.
ഇപ്പോൾ വീടും വരുമാനവും ഇല്ലാത്ത ഈ വയോധിക ദമ്പതികൾ അയൽക്കാരുടെ സന്മനസിലാണ് കഴിയുന്നത്. മഴയിൽ തകർന്ന മൺചുമരുള്ള വീടിനു പകരം സുരക്ഷിതമായി കിടക്കാനുള്ള ചെറിയ വീടും ചികിത്സ സഹായവുമാണ് ഈ വയോധികർ ആവശ്യപ്പെടുന്നത്.
സാങ്കേതിക കാരണം പറഞ്ഞ് കയ്യൊഴിയുന്ന പഞ്ചായത്ത് ഇവരെ സുരക്ഷിതസ്ഥാനത്ത് മാറ്റിപ്പാർപ്പിക്കുകയൊ ചികിത്സാ സംവിധാനങ്ങൾക്കുമായി സാമൂഹ്യ സുരക്ഷാ വകുപ്പ് എന്നിവ മുന്നിട്ടിറങ്ങണം എന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.