കുടിവെള്ള തടയണയിലേക്കു മാലിന്യം തള്ളുന്നവരെ പിടികൂടണം
1442605
Wednesday, August 7, 2024 1:24 AM IST
വണ്ടിത്താവളം: വിളയോടി- പുഴപ്പാലം പാതയോരത്ത് മാലിന്യം തള്ളൽ വീണ്ടും സജീവം. റോഡിനു താഴെയാണ് ആയിരക്കണക്കിനു കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണത്തിനു ഉപയോഗിക്കുന്ന ആര്യമ്പള്ളം തടയണയുള്ളത്. മഴപെയ്താലും കാറ്റടിക്കുമ്പോഴും മാലിന്യം നേരിട്ട് തടയണ വെള്ളത്തിലാണ് എത്തുന്നത്. ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ മാലിന്യം തള്ളുന്നവർക്കെതിരെ ശിക്ഷണ നടപടികൾ ഉണ്ടാവുമെന്ന് അറിയിപ്പു ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനു നൂറുമീറ്റർ മാറിയാണ് ഇപ്പോൾ മാലിന്യം തള്ളുന്നത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകൾ കാരണം ഈ സ്ഥലത്ത് പല തവണ ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടു മറിഞ്ഞ അപകടങ്ങളും നടന്നിട്ടുണ്ട്.
ഈ സ്ഥലത്ത് വിടുകളൊ വ്യാപാര സ്ഥാപനങ്ങളൊ ഇല്ലാത്തത് സാമൂഹ്യ വിരുദ്ധർക്ക് ഏറെ സൗകര്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഈ സ്ഥലത്ത് ഇഞ്ചി കൃഷി നടത്തുന്ന ഭാഗത്ത് കരി ഓയിൽ ഒഴിച്ച് നശിപ്പിച്ച സംഭവവും നടത്തിട്ടുണ്ട്.
പുഴപ്പാലം റോഡിൽ ഇരുനൂറു മീറ്റർ ദൈർഘ്യത്തിൽ സോളാർ ലാമ്പുകളും നിരീക്ഷണ ക്യാമറയും സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാൻ നടപടി ഉണ്ടാവണമെന്നതാണ് യാത്രക്കാരുടേയും നാട്ടുകാരുടേയും ആവശ്യമായിരിക്കുന്നത്.