പന്തലാംപാടത്ത് ചുഴലിക്കാറ്റ്; സ്കൂൾ കെട്ടിടത്തിന്റെ ഓടുകളും പാരിഷ് ഹാളിന്റെ ഷീറ്റുകളും പറന്നുപോയി
1437810
Sunday, July 21, 2024 6:45 AM IST
വടക്കഞ്ചേരി: പന്തലാംപാടത്ത് ഇന്നലെ രാവിലെയുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ മേരിമാതാ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ മൂന്നാംനില മേൽക്കൂരയിലെ ഓടുകളും പള്ളിക്കടുത്തുള്ള ചെറിയ പാരിഷ് ഹാളിന്റെ മേൽക്കൂരയിലെ ഷീറ്റുകളും പറന്നു പോയി.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വമ്പൻ കാട്ടുതേനീച്ച ഇളകി വരുന്ന വലിയ ശബ്ദത്തോടെയാണ് കാറ്റടിച്ചതെന്ന് സമീപത്തെ പെട്രോൾ പമ്പിലെ ദൃക്സാക്ഷികളായ ജീവനക്കാർ പറഞ്ഞു. കണ്ണടച്ചു തുറക്കും മുമ്പേ പ്രദേശമാകെ വീശിയടിച്ച് കാറ്റ് കടന്നുപോയി. നല്ല മഴക്കൊപ്പമായിരുന്നു കാറ്റ്. സ്കൂളിന്റെ മൂന്നാം നിലയിലെ ഓടുകളാണ് കൂടുതലും തകർന്നത്. സ്കൂൾ മുറ്റത്തെ പ്ലാവിൻ കൊമ്പുകളും പൊട്ടിവീണു.
പുറകിലെ റോഡിലേക്കും ഓടുകൾ പാറി വീണിട്ടുണ്ട്. സ്കൂളിന് ഇന്നലെ അവധിയായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഇരുന്നൂറിലേറെ ഓടുകൾ പൊട്ടി നശിച്ചിട്ടുണ്ട്. സമീപത്തെ വരിക്കപ്ലാക്കൽ മാത്യു, സ്കൂളിനു പുറകിലെ റാന്നിക്കാരുടെ തോട്ടം എന്നിവിടങ്ങളിൽ വൻ തേക്ക് മരങ്ങൾ ഉൾപ്പെടെ കടപുഴകി വീണു. കല്ലിങ്കൽ പാടത്തിനടുത്തു നിന്നും തുടങ്ങി രക്കാണ്ടി വരെയുള്ള ഒരു കിലോമീറ്റർ വായുദൂരത്താണ് ചുഴലിയടിച്ചത്. 50 മീറ്റർ വീതിയുള്ള പ്രദേശം വഴിയാണ് കാറ്റ് കടന്നു പോയത്.