അക്രമകാരിയായ കാട്ടാനയെ പിടികൂടണം: കരിമ്പ ഗ്രാമപഞ്ചായത്ത്
1435237
Friday, July 12, 2024 12:28 AM IST
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിൽ ജനങ്ങളുടെ ജീവനും ജീവനോപാധികൾക്കും ഭീഷണി ഉയർത്തുന്ന " തൈക്കൊമ്പൻ " എന്ന കാട്ടാനയെ അടിയന്തരമായി പിടികൂടി ഉൾവനത്തിലേക്കു കടത്തിവിടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കരിമ്പ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു.
തൈക്കൊമ്പൻ എന്ന് വിശേഷിപ്പിക്കുന്ന കാട്ടാന മൂന്നേക്കർ, മരുതുംകാട്, പാങ്ങ് പ്രദേശങ്ങളിൽ നിരന്തരമായി ആക്രമണ സ്വഭാവത്തോടെ അഴിഞ്ഞാടുന്ന സന്ദർഭത്തിൽ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അടിയന്തരമായി വിളിച്ചുചേർത്ത ഭരണസമിതിയോഗമാണ് ഈ തീരുമാനം അംഗീകരിച്ചത്.
അക്രമകാരിയായ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി സുരക്ഷിതസ്ഥലത്തേക്കു മാറ്റുക, വന്യജീവികൾ ജനവാസകേന്ദ്രങ്ങളിലേക്കു കടക്കുന്നതു തടയുന്നതിനു വനാതിർത്തിയിൽ കാര്യക്ഷമമായ വൈദ്യുതവേലികൾ സ്ഥാപിക്കുക, വന്യ മ്യഗങ്ങളിൽ നിന്നുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.
ഈ തീരുമാനം നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം വനം വന്യ ജീവി മന്ത്രി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ജില്ലാ കളക്ടർ തുടങ്ങിയ ഉന്നതാധികാരികളെ ധരിപ്പിക്കുവാൻ കരിമ്പ ഗ്രാമപഞ്ചായത്ത് മുൻകൈ എടുക്കും.
കരിന്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതിയോഗത്തിലാ ണ് തീരുമാനം.