വിനോദസഞ്ചാരികൾ ദുരിതത്തിൽ
1435015
Thursday, July 11, 2024 1:01 AM IST
നെല്ലിയാമ്പതി: വിനോദ സഞ്ചാരികളുടെ യാത്ര ഏറെ ദുരിതത്തിലാക്കി സീതാര്‍കുണ്ട് റോഡ്. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന സീതാര്‍കുണ്ടിലേക്കുള്ള പ്രധാന പാതയാണ് തകര്‍ന്ന് യാത്ര ദുരിതമായത്.
തോട്ടം മേഖലയിലൂടെ കടന്നുപോകുന്ന പ്രധാന പാതയായതിനാല്‍ വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ മിക്ക ഭാഗങ്ങളിലും ടാറിംഗ് പൂര്‍ണ്ണമായും തകര്‍ന്ന് വലിയ കുഴികളായിമാറി.
സ്വകാര്യ എസ്റ്റേറ്റിനകത്തുകൂടെ പോകുന്നതിനാല്‍ ഗ്രാമപഞ്ചായത്ത് അധികൃതരും ശ്രദ്ധിക്കുന്നില്ലെന്നതാണ് പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ദുരിതത്തിലാക്കിയത്. പുലയമ്പാറ മുതല്‍ ഊത്തുക്കുഴി, സീതാര്‍കുണ്ട് തുടങ്ങിയ ഭാഗങ്ങളിലാണ് പാത പൂര്‍ണ്ണമായും തകര്‍ന്ന് വലിയ കുഴികളായത്. വിനോദസഞ്ചാരമേഖലയായിട്ടുകൂടി പാത നവീകരിക്കുന്നതിന് നടപടിയില്ലാത്തത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.