വന്യമൃഗശല്യത്തിൽ ദുരിതത്തിലായി പ്രദേശവാസികൾ
1435012
Thursday, July 11, 2024 1:01 AM IST
അഗളി: അനുദിനം വർധിച്ചുവരുന്ന കാട്ടാനശല്യം അട്ടപ്പാടിയിൽ വാർത്തയല്ലാതായിക്കഴിഞ്ഞു. ആന ഇറങ്ങിയാൽ ആരോടു പറയാൻ, ആരു നോക്കാൻ, ആരു ചോദിക്കാൻ, കർഷകരുടെ നിസഹായവാക്കുകളാണിവ. കൃഷിയിടങ്ങളിൽ ദിനംപ്രതി ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് കാട്ടാനകൾ വിതയ്ക്കുന്നത്.
കാട്ടാനയോടൊപ്പം പാമ്പുശല്യവും രൂക്ഷമാണ്. ഇന്നലെ പുലർച്ചെ 2.30 ഓടെ കോട്ടത്തറ നായ്ക്കർ പാടിയിൽ ഏഴംഗ കാട്ടാനക്കൂട്ടമാണ് ഇറങ്ങിയത്. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയും ഗവ. കോളജും സർക്കാർ ആടുവളർത്തൽ കേന്ദ്രവും പിന്നിട്ടാണ് ആനക്കൂട്ടം ജനവാസകേന്ദ്രത്തിലേക്ക് കടന്നത്. ശിരുവാണിപ്പുഴയിൽ വെള്ളം കുടിച്ച് പുലർച്ചെ ആറുമണിയോടെയാണ് കാട്ടാനക്കൂട്ടം കാടുകയറിയത്.
പുലർച്ചെ 12 മണിയോടെ മട്ടത്തുകാട് ഐടിഐയ്ക്ക് സമീപവും രാത്രി പത്തിന് പുളിയപ്പതിയിലും പുലർച്ചെ 3.45ന് അഗളി തകരപ്പാടിയിലും കാട്ടാനകൾ ഇറങ്ങി. അഗളി ആർആർടി സംഘം സ്ഥലത്തെത്തി കാട്ടാനകളെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് ഓടിച്ചു.
ഷോളയൂരിൽ വരടിമല ഗേറ്റിനു സമീപവും കടമ്പാറയിലും അധ്വാനിപ്പെട്ടിയിലും ചെത്തി കരയിലും ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ഇറങ്ങി.
കുറവൻപാടിയിലും പുലിയറയിലും ആഴ്ചകളായി ഒറ്റയാനും കുട്ടിക്കൊമ്പനും തമ്പടിച്ചിരിക്കുകയാണ്.
രാത്രി കാടുകയറുന്ന ആനകൾ രാത്രി കൃഷിസ്ഥലത്തേക്ക് ഇറങ്ങി നാശം വിതയ്ക്കുകയാണ്. കുറവൻ പാടിയിൽ ഏഴോളം വീടുകളിലെ കുടിവെള്ള ടാങ്കുകൾ കുട്ടിക്കൊമ്പൻ തകർത്തു. ഷോളയൂർ അഗളി പഞ്ചായത്തുകളിലായി നിരവധി കൃഷികളും കുട്ടിക്കൊമ്പൻ നശിപ്പിച്ചു.
കുറവൻ പാടിയിൽ പൊൻമനിച്ചേരിയിൽ ജോയിയുടെ മൂപ്പെത്തിയ പൈനാപ്പിൾ കൃഷിയും തിന്നുതീർത്തു.
കാട്ടാനയെ ഭയന്ന് പ്രദേശവാസികൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. തെക്കേപുലിയറയിൽ ഒറ്റയാനാണ് ഭീതി പരത്തുന്നത്. ഇവിടെ പകൽ സമയവും കാട്ടാന കൃഷിനാശം വിതയ്ക്കുന്നതായി നാട്ടുകാർ പറഞ്ഞു.
കുറവൻ വാടി സെന്റ് സെബാസ്റ്റ്യൻ പള്ളി വക സ്ഥലത്തും ആട്ടപ്പാട്ട് മലയിലും, ഒൻപതിലും കാട്ടാന നാശം വിതച്ചു. അട്ടപ്പാടിയുടെ വിവിധങ്ങളായ മേഖലകളിൽ കാട്ടാനശല്യം അതിരൂക്ഷമാണ്.
അഗളി, പുതൂർ, ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷനുകളിൽ ആർആർടി സംഘം സജീവമാണങ്കിലും എല്ലാ സ്ഥലങ്ങളിലും സംഘത്തിന് എത്തിപ്പെടാൻ ആകുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി ഷോളയൂർ കുലുക്കൂറിൽ വീട്ടുപരിസരത്ത് പെരുമ്പാമ്പ് എത്തി ആടിനെ ആക്രമിച്ചു. മട്ടത്തുക്കാട് വീട്ടിൽ കടന്നുകൂടിയ മൂർഖനും ഷോളയൂരിൽ വീട്ടു പരിസരത്ത് എത്തിയ കൂറ്റൻ അണലിയും ഭീതിപരത്തി. ജനവാസ കേന്ദ്രത്തിലെത്തിയ പാമ്പുകളെ ആർആർടി സംഘം എത്തി പിടികൂടി സൈലന്റ് വാലി വനത്തിൽ വിട്ടു. പാമ്പുകളും വന്യമൃഗ ശല്യവും വിപരീത കാലാവസ്ഥയും ജനജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്.