ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്കുമീതെ മരം വീണു; രണ്ടുപേർക്ക് പരിക്ക്
1431395
Tuesday, June 25, 2024 12:14 AM IST
അഗളി: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ മുകളിലേക്കു മരം പൊട്ടിവീണ് രണ്ടുപേർക്ക് പരിക്കേറ്റു. വയലൂർ സ്വദേശി ജോയ് (45), ഷോളയൂർ സ്വദേശി ജിജോ (35) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരും കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഷോളയൂരിൽനിന്ന് അഗളിയിലേക്ക് വരുന്പോൾ ചിറ്റൂർ ഭാഗത്താണ് അപകടമുണ്ടായത്.
ഇന്നലെ രാവിലെ ഏഴരയ്ക്ക് മുക്കാലിയിൽ ജീപ്പിനു മുകളിലേക്ക് മരംവീണ് ജീപ്പിന്റെ ബോണറ്റ് തകർന്നു. ഭാഗ്യകൊണ്ട് ആളപായം ഒഴിവായി.
പതിനെട്ടു മണിക്കൂറിനിടെ മൂന്നു സ്ഥലത്താണ് അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കു മുകളിലേക്ക് മരം വീഴുന്നത്. സ്കൂട്ടിയുടെ മുകളിൽ മരം പൊട്ടി വീണ സ്ഥലത്തിന് സമീപം ശിർവാണിപ്പുഴയോരത്ത് കുളിക്കടവിനോടു ചേർന്ന് ഏതു സമയവും നിലം പൊത്താവുന്ന രീതിയിൽ നിൽക്കുന്ന ഉണക്കമരം ഉടൻ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സമീപത്ത് ചുണ്ടുകുളം പ്രദേശത്തും അപകട ഭീതി വരുത്തി റോഡിനു മുകൾഭാഗത്ത് മരങ്ങൾ നിൽക്കുന്നുണ്ട്.
അട്ടപ്പാടി അണക്കെട്ടിനു വേണ്ടി അക്വയർ ചെയ്ത സ്ഥലങ്ങളിൽ അപകട ഭീഷണി ഉയർത്തി റോഡരികിൽ വൻമരങ്ങൾ നിൽക്കുന്നുണ്ട്. അപകടങ്ങൾ തുടർച്ചയായിട്ടും റോഡരികിലെ മരങ്ങൾ മുറിച്ചുമാറ്റി സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ഇനിയും തയാറായിട്ടില്ലന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.