നെന്മാറയിലെ മാലിന്യക്കൂന്പാരം നീക്കാൻ പുതിയ കരാർ നൽകും
1424520
Friday, May 24, 2024 12:49 AM IST
നെന്മാറ: നെന്മാറ ഗ്രാമപഞ്ചായത്തിലെ വക്കാവ് മാലിന്യസംസ്കരണ യൂണിറ്റിലെ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യുന്നതിന് പുതിയ കരാർ നൽകാൻ തീരുമാനം.
നടപ്പുവർഷം നീക്കിവച്ച നാലുലക്ഷം ലക്ഷം രൂപയും കഴിഞ്ഞവർഷത്തെ 10 ലക്ഷം രൂപയും ഉപയോഗിച്ച് പുതിയ കരാർ നടപ്പാക്കി മാലിന്യസംസ്കരണ പ്ലാന്റിലെ മാലിന്യം നീക്കാൻ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനമായി.
നെന്മാറ പഞ്ചായത്തിലെ വക്കാവിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം മഴയ്ക്കുമുമ്പ് നീക്കുമെന്ന് അധികൃതർ പറഞ്ഞുവെങ്കിലും മാലിന്യനീക്കം നിലച്ചതോടെ പ്രദേശവാസികൾ പ്രതിഷേധവുമായെത്തി. മാലിന്യവുമായി വന്ന വാഹനം തടഞ്ഞ് സമരം നടത്തിയിരുന്നു.
കഴിഞ്ഞ സാമ്പത്തികവർഷം മാലിന്യം നീക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ശേഖരിക്കുന്ന മാലിന്യം പൂർണമായും വേർതിരിക്കാൻ കഴിയാതെ വന്നു.
ഇതോടെ സംസ്കരണ കേന്ദ്രത്തിൽ നിന്ന് മാലിന്യം പൂർണമായി നീക്കാനും കഴിയാതായി.
മഴ കൂടിയായതോടെ കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന കേന്ദ്രത്തിലെ മാലിന്യം ഒലിച്ചിറങ്ങി ദുർഗന്ധം പരന്നു തുടങ്ങിയെന്ന് പ്രദേശവാസികൾ പറഞ്ഞു.
20 ടണ്ണിലധികം മാലിന്യമാണ് സംസ്കരണയൂണിറ്റിന്റെ വിവിധ ഭാഗങ്ങളിലായി ചാക്കുകളിലും മറ്റുമായി തുറന്ന സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത്.
40 പേരുൾപ്പെടുന്ന ഹരിതകർമസേനയുടെ നേതൃത്വത്തിലാണ് ഒന്നിടവിട്ട ദിവസങ്ങളിൽ മാലിന്യശേഖരണവും സംസ്കരണവും നടത്തിയിരുന്നത്.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിനും സിപിഎമ്മിനും ഒൻപത് വീതം അംഗങ്ങളായതോടെ ഭരണസമിതി തീരുമാനങ്ങളെടുക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രതിപക്ഷ അംഗം ചെയർമാനായ സാമ്പത്തിക കാര്യസമിതി അനുമതി നൽകാത്തതാണ് ഫണ്ട് വിനിയോഗിക്കുന്നതിന് തടസമായതെന്ന് പറയുന്നു.
മാലിന്യ നീക്കം നിലച്ചതിനെതിരെ പ്രദേശവാസികളുടെ സമരം ശക്തമായതോടെ ഭരണ സമിതിയുടെ അടിയന്തര യോഗത്തിൽ മാലിന്യം നീക്കുന്നതിന് കരാർ നടപടികൾ സ്വീകരിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും തീരുമാനമായി.