വൈകി കതിര് വന്ന നെൽപ്പാടങ്ങളിൽ ചാഴിശല്യം രൂക്ഷം
1395382
Sunday, February 25, 2024 6:29 AM IST
നെന്മാറ: അയിലൂർ കൃഷിഭവൻ പരിധിയിലെ പഴുത്ത് തുടങ്ങാൻ ശേഷിക്കുന്ന നെൽപ്പാടങ്ങളിൽ ചാഴിശല്യം രൂക്ഷമായി. ഭാഗികമായി പഴുത്തു തുടങ്ങിയ നെൽപ്പാടങ്ങളിലെ ശേഷിക്കുന്ന നെൽക്കതിരുകളിലാണ് ചാഴിശല്യം കാണപ്പെടുന്നത്. ഒറവഞ്ചിറ പാടശേഖരസമിതിയിലെ ബഹുഭൂരിപക്ഷം നെൽപ്പാടങ്ങളിലും ചാഴിശല്യം രൂക്ഷമായതിനെ തുടർന്ന് മരുന്നുതളി നടത്തി.
രണ്ടോ മൂന്നോ ആഴ്ചകൾ കഴിഞ്ഞാൽ കൊയ്തെടുക്കാൻ പാകമായ നെൽപ്പാടങ്ങളിലാണ് വ്യാപകമായി ചാഴി കാണപ്പെട്ടത്. നെൽക്കതിരുകളിലെ പാലുറക്കാത്ത നെന്മണികളിലെ ജലാംശം ഊറ്റിക്കുടിച്ച് പതിരാക്കുകയാണ് ചാഴികൾ ചെയ്യുന്നത്.
സമീപത്തെ മറ്റു നെൽപ്പാടങ്ങളിൽ നെല്ല് പൂർണമായും പഴുത്തു തുടങ്ങിയതോടെയാണ് ഭാഗികമായി പഴുക്കാനുള്ള നെൽപ്പാടത്ത് ചാഴികൾ എത്തിയതെന്ന് കർഷകനായ എം. യൂസഫ് ഒറവഞ്ചിറ പറഞ്ഞു. മൂപ്പുകുറഞ്ഞ വിത്തിനങ്ങളാണ് ഇറക്കിയിട്ടുള്ളതെങ്കിലും വെള്ളം ലഭ്യത വൈകിയതിനെ തുടർന്ന് വളമിടലും വൈകിയതാണ് കതിര് വൈകി വരാൻ കാരണമെന്ന് കർഷകർ പറഞ്ഞു.