കാട്ടാനശല്യം രൂക്ഷം; വ്യാപകമായി കൃഷികൾ നശിപ്പിച്ചു
1394508
Wednesday, February 21, 2024 5:46 AM IST
മംഗലംഡാം: കടപ്പാറ പോത്തൻ തോട് മേഖലയിൽ കാട്ടാനശല്യം രൂക്ഷം. വ്യാപകമായി കൃഷികൾ നശിപ്പിച്ചു. മേക്കാട്ടിൽ സന്തോഷ്, മരത്താങ്കൽ ഷാജി, നരിപ്പാറ ജോസ്, നരിപ്പാറ ജോബി എന്നിവരുടെ കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാന കവുങ്ങ്, വാഴ, കുരുമുളക് തുടങ്ങിയ കൃഷികൾക്കു നാശം വരുത്തി. മൂന്നു ദിവസമായി കാട്ടാന മേഖലയിൽ കൃഷിനാശം വരുത്തുകയാണ്. പ്രദേശത്തെ സോളാർ വേലി തകർത്താണ് കാട്ടാന കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. കാട്ടാന ഇറങ്ങിയ വാർത്ത പരന്നതോടെ റബർ ടാപ്പിംഗിനും കുരുമുളക് പറിക്കാനും മറ്റും തൊഴിലാളികളെ കിട്ടാത്ത സാഹചര്യവുമുണ്ട്. കുരുമുളക് പഴുത്തുപോവുകയാണെന്നും കാട്ടാനയുടെ ഭീഷണി കാരണം ആരും ജോലിക്കു വരുന്നില്ലെന്നും കർഷകർ പരാതിപ്പെട്ടു.