മുഞ്ഞ ബാധിത പ്രദേശങ്ങൾ കാർഷിക സർവകലാശാല വിദഗ്ധർ സന്ദർശിച്ചു
1339555
Sunday, October 1, 2023 1:51 AM IST
നെന്മാറ: നെന്മാറ, അയിലൂർ മേഖലകളിലെ നെൽകൃഷിയിലെ മുഞ്ഞബാധിത പ്രദേശങ്ങൾ കാർഷിക സർവകലാശാല വിദഗ്ധർ പരിശോധിച്ചു.
പട്ടാമ്പി മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.കാർത്തികേയൻ, എന്റമോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ.മാലിനി നിലാമുദ്ദീൻ, ബ്ലോക്ക് ടെക്നോളജി മാനേജർ അസ്ലം, അയിലൂർ കൃഷിഭവൻ ഉദ്യോഗസ്ഥൻ സി.സന്തോഷ്, കർഷകനായ അനിൽകുമാർ, രാമചന്ദ്രൻ എന്നിവർ അടങ്ങിയ സംഘമാണ് കൃഷിസ്ഥലങ്ങൾ സന്ദർശിച്ചത്.
മണ്ണാങ്കുളമ്പ്, പുതുച്ചി, മല്ലംകുളമ്പ് എന്നീ നെല്ലുല്പാദക സമിതികളുടെ കീഴിലുള്ള മുഞ്ഞ ബാധിത കൃഷിയിടങ്ങൾ സംഘം സന്ദർശിച്ചു.
മുഞ്ഞബാധയുണ്ടായ നെൽപ്പാടങ്ങളിലെ വെള്ളം വാർത്തു കളഞ്ഞ് അക്ട്രാ, അസറ്റാഫ്, തയോമിതോക്സോം, ഇമിഡാക്ലോർപിഡ് ഇവയിലേതെങ്കിലുമൊന്ന് കൃഷിഭവൻ നിർദേശാനുസരണം നെൽച്ചെടിയുടെ ചുവടുഭാഗത്ത് നെൽച്ചെടികൾ വകഞ്ഞു മാറ്റി തളിക്കണമെന്ന് നിർദ്ദേശിച്ചു.
നേരത്തെ അയിലൂർ കൃഷിഭവൻ അധികൃതർ കൃഷിയിടങ്ങളിൽ മുഞ്ഞബാധ റിപ്പോർട്ട് ചെയ്തയുടൻ നെൽപ്പാടങ്ങൾ സന്ദർശിച്ച് കാർഷിക ഗവേഷണ കേന്ദ്രത്തിന് റിപ്പോർട്ട് നല്കിയിരുന്നത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധസംഘം പാടശേഖരങ്ങളിൽ എത്തിയത്.