വടക്കഞ്ചേരി ടൗണിലെ അനധികൃത കച്ചവടത്തിനെതിരെ പ്രത്യക്ഷ സമരവുമായി വ്യാപാരികൾ
1338615
Wednesday, September 27, 2023 1:33 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ നിയമവിരുദ്ധ കച്ചവടങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പോലീസിന്റേയും പഞ്ചായത്ത് അധികൃതരുടെയും നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുന്നു. അനിശ്ചിതകാല കടയടപ്പു സമരം ഉൾപ്പെടെ ആരംഭിക്കുമെന്ന് ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.
തുറന്നുവച്ചിട്ടുള്ള കടകൾക്കു മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ട് കച്ചവടം നടത്തുന്നത് സംബന്ധിച്ച് പഞ്ചായത്തിലും പോലീസിലും പലതവണ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിനെതിരെയാണ് വ്യാപാരികൾ രംഗത്തുവരുന്നത്.
നടപടി എടുക്കേണ്ടവർ തന്നെ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ഏകോപന സമിതി പ്രസിഡന്റ് ബോബൻ ജോർജ് പറഞ്ഞു. പഞ്ചായത്തിൽ പരാതിപ്പെട്ടാൽ നടപടിയെടുക്കേണ്ടത് പോലീസാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും. പോലീസിൽ പരാതി നൽകിയാൽ പഞ്ചായത്തിനെ പഴിചാരി പോലീസും കൈമലർത്തുന്ന സ്ഥിതിയാണ്.
ഒരു ഡസനോളം ലൈസൻസുകളും വലിയ വാടകയ്ക്ക് മുറിയെടുത്തും കച്ചവടം നടത്തുന്ന വ്യാപാരികളെ കളിയാക്കും വിധമാണ് ഇപ്പോൾ ടൗണിൽ വഴിയോര കച്ചവടവും വാഹനങ്ങൾ നിർത്തിയുള്ള കച്ചവടങ്ങളും പൊടിപൊടിക്കുന്നത്.
പ്രതികരിച്ചാൽ ഗുണ്ടാസംഘങ്ങളെ പോലെയുള്ള ഭീഷണികൾ ഉണ്ടാകുന്നതായി വ്യാപാരി നേതാക്കൾ പറഞ്ഞു. ജീവനോപാധി കണ്ടെത്താനുള്ള വഴിയോര കച്ചവടമല്ല പലരും ടൗണിൽ നടത്തുന്നത്.
മാഫിയ സംഘങ്ങളെ പോലെ ഒരാൾക്ക് തന്നെ രണ്ടും മൂന്നും വാഹനങ്ങളുണ്ട്. രാവിലെ ഈ വാഹനങ്ങളിലെല്ലാം സാധനങ്ങൾ നിറച്ച് റോഡിൽ നിർത്തിയിടും. കൂലിക്ക് ആളെ വെച്ചാണ് പലതിലും കച്ചവടം നടത്തുന്നത്. വൈകുന്നേരമായാൽ ഉടമ കളക്ഷൻ എടുത്തു പോകും. ചില രാഷ്ട്രീയ പാർട്ടികളുടെ തണലിലാണ് ഈ അനധികൃത കച്ചവടമെല്ലാം നടക്കുന്നത്.