ചീനിപ്പാറ കുന്നിന്റെ വശ്യസൗന്ദര്യം നാശത്തിലേക്ക്
1337089
Thursday, September 21, 2023 12:52 AM IST
ഷൊർണൂർ: തൃത്താലയിൽ പ്രകൃതി സ്നേഹികളെയും വിനോദ സഞ്ചാരികളെയും ആകർഷിച്ചിരുന്ന ചീനിപ്പാറക്കുന്ന് നാശത്തിലേക്ക്.
കൂടിച്ചേരലിന്റെയും ഒത്തുചേരലിന്റെയും ഇടമായിരുന്ന ഇവിടം ഇപ്പോൾ വിസ്മൃതിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.
തൃത്താല- പിറപ്പ് റോഡിൽ മുടവന്നൂർ ഗ്രാമം എത്തുന്നതിനുമുമ്പ് ഉള്ളിലേക്കുമാറിയാണ് മൂന്നേക്കറിലധികം സ്ഥലത്ത് പച്ചപ്പുല്ലുകൾ നിറഞ്ഞ് പരന്നുകിടക്കുന്ന അതിമനോഹരമായ ചീനിപ്പാറയുള്ളത്.
പടിഞ്ഞാറുവശത്തെ കാഴ്ചമുനമ്പിൽ എത്തിയാൽ തൃത്താല പട്ടണത്തിന്റെയും വെള്ളിയാങ്കല്ല് തടയണയുടെയും താഴ് വാരത്തെ നെൽപ്പാടങ്ങളുടെയുമെല്ലാം വശ്യ മനോഹരമായ ആകാശക്കാഴ്ചകൾ കാണാം. കൂടാതെ പട്ടാമ്പി പാലംമുതൽ വെളളിയാങ്കല്ലുവരെ വളഞ്ഞുപുളഞ്ഞൊഴുകുന്ന ഭാരതപ്പുഴയുടെ വിദൂര കാഴ്ചകളും കാണാനാവും.
ഓണമടക്കമുള്ള ആഘോഷവേളകളിൽ മുൻകാലങ്ങളിൽ ചീനിപ്പാറയും സജീവമാകുമായിരുന്നു. വിവിധയിനം തുമ്പപ്പൂക്കളുടെയും സസ്യജാലങ്ങളുടെയും പ്രത്യേക ഇനം പക്ഷികളുടെയുമെല്ലാം കേന്ദ്രംകൂടിയാണ് ചീനിപ്പാറ.
നരിമട എന്നുപേരുള്ള ഗുഹകൾ ഇവിടുത്തെ പ്രത്യേകതയാണ്. ഇത്തരത്തിൽ മൂന്ന് ഗുഹകളാണ് കുന്നിൻചരിവിലുള്ളത്. എന്നാൽ കുന്നിൻചരിവ് റബർ മരങ്ങൾക്കു വഴിമാറിയതോടെ നരിമടയിലേക്കുള്ള പ്രവേശനവും അസാധ്യമായി.
കുന്നിൽമുകളിൽ ചെങ്കൽ ഖനനം ആരംഭിച്ചതോടെ ഓണാഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാം നിലച്ചു.
ഇപ്പോൾ മദ്യപാനികളുടെ സ്ഥിരം സങ്കേതമാണ് ആളൊഴിഞ്ഞ കുന്നും നരിമടയുടെ ഉൾവശങ്ങളുമെല്ലാം.
സിനിമകളും മലയാളം ആൽബങ്ങളും ഷോർട്ട് ഫിലിമുകളുമെല്ലാം ചീനിപ്പാറയിലും സമീപപ്രദേശങ്ങളിലുമായി ചിത്രീകരിച്ചിട്ടുണ്ട്.
ജൈവവൈവിധ്യങ്ങൾ ഏറെയുള്ള പ്രദേശം ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.