കാലവർഷം ശക്തമായില്ല : ഞാറ്റടിയിൽ പട്ടാളപ്പുഴു ശല്യം രൂക്ഷം
1300950
Thursday, June 8, 2023 12:29 AM IST
നെന്മാറ: ഒന്നാം വിളയ്ക്ക് തയ്യാറാക്കിയ ഞാറ്റടിയിൽ പട്ടാളപ്പുഴ ശല്യം രൂക്ഷമാവുന്നു. കാലവർഷം ശക്തമാവാതെ അന്തരീക്ഷ ചൂട് ഉയർന്നുനില്ക്കുന്നത് പട്ടാളപ്പുഴുവും മറ്റു കീടങ്ങളുടെയും ശല്യം വർധിക്കാൻ കാരണമായി.
പൊടിയിൽ വിതച്ചു മുളപ്പിച്ച 18 ദിവസത്തോളം പ്രായമായ ഉമ വിത്തിനത്തിനാണ് കീട ശല്യം രൂക്ഷമായത്.
ഞാറ്റടി തയ്യാറാക്കിയ വയലുകളിൽ വെള്ളം കെട്ടിനിർത്താൻ കഴിയാതായതോടെ മണ്ണിനടിയിൽ നിന്നും പട്ടാള പുഴു ഉൾപ്പെടെ വിവിധ കീടങ്ങളുടെ പുഴുക്കൾ പെരുകാൻ ഇടയായത് കർഷകർക്ക് വിനയായി. പുഴു ആക്രമണം വർധിച്ചതോടെ മുളച്ചു പൊന്തിയ ഞാറ്റടിയുടെ ഇലയും തണ്ടുകളും പുഴുക്കൾ കാർന്നു തിന്നു തുടങ്ങി.
പ്രതിരോധമായി ഞാറ്റടിയിൽ മരുന്നു തളി നടത്തുകയാണ് നെന്മാറ തിരുവഴിയാട് ഭാഗത്തെ കർഷകർ. മഴ കുറവു മൂലം കഴിഞ്ഞയാഴ്ച ചില കർഷകർ വെള്ളം പന്പ് ചെയ്ത് ഞാറ്റാടി നനച്ചിരുന്നു.