വടക്കഞ്ചേരിയെ വൃത്തിയാക്കാൻ കർമ പദ്ധതികൾക്ക് ലോകപരിസ്ഥിതി ദിനത്തിൽ തുടക്കം കുറിക്കും
1299924
Sunday, June 4, 2023 7:12 AM IST
വടക്കഞ്ചേരി: വൃത്തിയുള്ള വടക്കഞ്ചേരി എന്ന മുദ്രാവാക്യവുമായി വടക്കഞ്ചേരിയെ മാലിന്യമുക്ത പട്ടണമാക്കി മാറ്റുന്നതിന്റെ പ്രവർത്തനങ്ങൾ ലോക പരിസ്ഥിതി ദിനമായ നാളെ തുടക്കം കുറിക്കാൻ പി.പി. സുമോദ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
രാവിലെ 10 മുതൽ ഹരിത കർമ്മ സേന, കുടുംബശ്രീ, തൊഴിലുറപ്പു തൊഴിലാളികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, രാഷ്ട്രീയപാർട്ടികൾ എന്നിവരുടെ സഹകരണത്തോടെ ടൗണ് ശുചീകരണം നടത്തും. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി തെളിവ് സഹിതം അറിയിച്ചാൽ അവർക്ക് 2500 രൂപ പ്രതിഫലവും പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
ബോധവത്കരണ പരിപാടികൾക്കൊപ്പം മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശിക്ഷാ നടപടികളും കടുപ്പിച്ചാണ് അഞ്ചിന് വടക്കഞ്ചേരിയെ മനോഹരമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. നിരോധിത പ്ലാസ്റ്റിക് കവറുകൾ വിൽപന നടത്തുന്നതും ഉപയോഗിക്കുന്നതും കടുത്ത കുറ്റമായി കാണും.
ആവശ്യമുള്ളിടത്ത് കാമറകൾ സ്ഥാപിച്ച് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടും. സാധിക്കാവുന്ന മാലിന്യം വീട്ടിൽ തന്നെ സംസ്കരിക്കാനുള്ള സംവിധാനങ്ങളും പഞ്ചായത്ത് ഒരുക്കുന്നുണ്ട്.
ഓരോ വാർഡുകളിലും അഞ്ച് മുതൽ 10 വരെ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് ശുചിത്വ കവലകളും സെന്ററുകളുമാക്കും. ഇവിടെ ചെറു പൂന്തോട്ടങ്ങളും ഒരുക്കും. പരിസരം വൃത്തിയായാൽ പിന്നെ അവിടെ മാലിന്യം തള്ളാൻ മനസു വരില്ലെന്ന വീക്ഷണത്തിലാണ് ശുചിത്വ പ്രവർത്തനം വിഭാവനം ചെയ്യുന്നത്.
മംഗലംപാലം മുതൽ തങ്കം ജംഗ്ഷൻ വരെയുള്ള ടൗണ് ബസാർ റോഡിലും സ്ഥലം ഉള്ളിടത്ത് ചെറിയ തണൽ വൃക്ഷങ്ങളും പൂന്തോട്ടങ്ങളും ഒരുക്കുമെന്ന് എംഎൽഎ പറഞ്ഞു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, വൈസ് പ്രസിഡന്റ് ഹുസൈനാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് അഡ്വ. ശ്രീകല മറ്റു മെന്പർമാർ , ഹരിത കേരളം മിഷൻ സംസ്ഥാന റിസോഴ്സ് പേഴ്സണ് ഡോ. വാസുദേവൻ പിള്ള, പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. കുമാരൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.