ഒറ്റപ്പാലം നഗരസഭാ സെക്രട്ടറിയുടെ നടപടിയിൽ വിവാദം കൊഴുക്കുന്നു
1299623
Saturday, June 3, 2023 12:22 AM IST
ഒറ്റപ്പാലം: നഗരസഭാ ഭരണസമിതിയറിയാതെ കരിങ്കൽ ക്വാറിക്ക് അനുമതി നൽകിയ സെക്രട്ടറിയുടെ നടപടിയിൽ വിവാദം കൊഴുക്കുന്നു.
ക്വാറി പൂട്ടണമെന്നാവശ്യപ്പെട്ട് സിപിഎം ഏരിയാ കമ്മിറ്റിയും, ശാസ്ത്രസാഹിത്യ പരിഷത്തും രംഗത്ത് വന്നതിന്ന് പുറകെ പ്രദേശവാസികളെ കൊണ്ട് സമരം ശക്തമാക്കാനാണ് തീരുമാനം.
സിപിഎം ഭരിക്കുന്ന നഗരസഭ ഭരണസമിതിക്കെതിരെ നേരത്തെ ഡിവൈഎഫ്ഐ സമരരംഗത്തിറങ്ങിയിരുന്നു.
അനങ്ങൻമലയോടു ചേർന്ന് ക്വാറിക്ക് പ്രവർത്തനം പുനരാരംഭിക്കാൻ നഗരസഭാ സെക്രട്ടറി നൽകിയ അനുമതിയുടെ പേരിലുള്ള വിവാദത്തിനിടെയാണ് സിപിഎം ഭരണത്തിലുള്ള നഗരസഭക്കെതിരേ ആദ്യം തന്നെ ഡിവൈഎഫ്ഐ സമരരംഗത്തിറങ്ങിയത്.
ഇതിനു പുറകെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് കൂടി സമരരംഗത്തിറങ്ങിയത്. സമരത്തിനു സിപിഎം പിന്തുണയുമുണ്ട്.
വരോട് നാലാം മൈലിലാണ് വിവാദമായ ക്വാറി സ്ഥിതി ചെയ്യുന്നത്. ക്വാറിയ്ക്ക് അനുമതി നല്കിയതിനെതിരേ നഗരസഭാ ചെയർപേഴ്സണ് സെക്രട്ടറിയോടു വിശദീകരണം തേടുകയും ചെയ്തിരുന്നു.
പ്രദേശവാസികളുടെ ഭാഗത്തുനിന്നും വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സംഭവം വിവാദമായത്.
ലൈസൻസ് അനുവദിച്ചതിനു തൊട്ടു പുറകെ പരിസരവാസികളായ പട്ടികജാതി വിഭാഗക്കാർ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന എസ്സി-എസ്ടി കമ്മീഷൻ ഒറ്റപ്പാലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും സിറ്റിംഗ് നടത്തുകയും ചെയ്തിരുന്നു.
ക്വാറി ഉടമയ്ക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും മറ്റ് സർക്കാർ വകുപ്പുകൾ പ്രവർത്തനത്തിന് എൻഒസി നൽകിയതിനാൽ ആണ് ഒറ്റപ്പാലം നഗരസഭ സമ്മതപത്രം നൽകിയത് എന്നുമാണ് സെക്രട്ടറി കമ്മീഷൻ മുന്പാകെ മൊഴി നൽകിയത്.
എന്നാൽ നഗരസഭ കൗണ്സിലിൽ ഇക്കാര്യം അറിയിക്കുകയുണ്ടായില്ലെന്നും സെക്രട്ടറി സമ്മതിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് നഗരസഭാ അധ്യക്ഷ സെക്രട്ടറിയോടു വിശദീകരണം തേടിയത്.