യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
1282778
Friday, March 31, 2023 12:26 AM IST
പാലക്കാട്: പട്ടാന്പി ഭാരതപ്പുഴയിൽ പശ്ചിമ ബംഗാൾ സ്വദേശി ഇബ്രാഹീം കൊക്കൂണിനെ(34) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മൂന്നുപ്രതികൾക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ.
കേസിലെ ആദ്യ മൂന്ന് പ്രതികളായ പശ്ചിമ ബംഗാൾ ബർദാൻ ജില്ലയിലെ റഫീഖ് സേക്ക് (46), ജിക്രിയ മാലിക് (37), യാക്കൂബ് സേക്ക് (63) എന്നിവരെയാണ് പാലക്കാട് സെക്കന്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് സ്മിത ജോർജ് ശിക്ഷിച്ചത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും 75,000 രൂപ വീതം പിഴയും ഗൂഢാലോചനക്ക് ജീവപര്യന്തം കഠിന തടവും 50,000 രൂപ വീതം പിഴയും തെളിവുനശിപ്പിക്കലിന് അഞ്ചുവർഷം കഠിന തടവും 20,000 രൂപ വീതം പിഴയും ആണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം.
ശിക്ഷാവിധികൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഒളിവിൽ പോയ നാലാം പ്രതി അനിസുർ റഹ്്മാൻ സേക്ക് (45) എന്ന കോച്ചിയുടെ പേരിൽ പുതിയ സെഷൻസ് കേസ് നിലനിൽക്കും. 2013 ഒക്ടോബർ നാലിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.
മണൽ വാരാനെന്ന വ്യാജേന ഇബ്രാഹീം കൊക്കൂണിനെ കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയതായാണ് കേസ്. അവിഹിത ബന്ധത്തിന്റെ പേരിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊല്ലപ്പെട്ടയാളും പ്രതികളും പട്ടാന്പിയിൽ സെൻട്രിങ് പണിക്ക് വന്നവരാണ്. കൊല്ലപ്പെട്ടയാളുടെ മുറിച്ചുമാറ്റിയ തല രണ്ടാം പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയതാണ് കേസിൽ നിർണായക തെളിവായത്.
അന്നത്തെ പട്ടാന്പി സർക്കിൾ ഇൻസ്പെക്ടർ കെ.എം.ദേവസ്യയാണ് പ്രാഥമിക അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്.
സിഐ സണ്ണി ചാക്കോ തുടരന്വേഷണം നടത്തി. അവസാനഘട്ട അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് സിഐ എ.ജെ . ജോണ്സണ് ആയിരുന്നു.