ഗുണ്ടാ, മയക്കുമരുന്നു മാഫിയ അഴിഞ്ഞാടി, രണ്ടുപേര്‍ക്കു പരിക്ക്; മൂന്നുപേര്‍ കസ്റ്റഡിയില്‍
1459547
Monday, October 7, 2024 7:14 AM IST
കരുവന്നൂര്‍: ഗുണ്ടാ മയക്കുമരുന്നു മാഫിയാസംഘത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. കരുവന്നൂര്‍ ദുര്‍ഗാനഗര്‍ സ്വദേശികളായ പേച്ചേരി വീട്ടില്‍ സുധാകരന് (50), പേയില്‍ വീട്ടില്‍ സലീഷ് (42) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവര്‍ക്കും തലയ്ക്കാണു പരിക്കേറ്റത്. ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി. സുധാകരന്റെ തലയോട്ടിക്കു ചിന്നലുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവങ്ങളുടെ തുടക്കം. ചേലക്കടവ് കോളനിയില്‍ മയക്കുമരുന്നു കച്ചവടം തകൃതിയായി നടക്കുന്നുണ്ടെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. ഇത്തരം വിവരങ്ങള്‍ നല്കുന്ന പ്രദേശവാസികളുമായി ഈ സംഘം പലപ്പോഴും സംഘര്‍ഷം നടക്കാറുണ്ട്. കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശത്ത് മാരകായുധങ്ങളുമായി ഒരുകൂട്ടം ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി തിരിച്ചുപോയിരുന്നു. ഇതിനുശേഷം വീണ്ടും ഇതുവഴി വാഹനങ്ങളില്‍ കടന്നുപോകുന്നവരെ ഈ സംഘം പ്രത്യേകം നിരീക്ഷിച്ച ശേഷമായിരുന്നു കടത്തിവിട്ടിരുന്നത്. അങ്ങനെ ഇതുവഴി ബൈക്കില്‍ വന്ന സുധാകരനെയും സലീഷിനെയും ഈ സംഘം ആക്രമിക്കുകയായിരുന്നു.
ഇരുമ്പു വടിക്കാണ് ഇരുകൂട്ടര്‍ക്കും തലക്കടിയേറ്റത്.
ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവമറിഞ്ഞെത്തിയ പോലീസ് സംഘം വ്യാപകമായി തെരച്ചില്‍ നടത്തി. മൂര്‍ക്കനാട്, പൊറത്തിശേരി എന്നിവിടങ്ങളിലെ താമസക്കാരായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തു പരിശോധന നടത്തിയിരുന്നു. ആറുമാസം മുമ്പും ഇതുപോലെ സംഘട്ടനം നടന്നിട്ടുണ്ട്. കണക്കന്‍കടവ് പാലത്തിനു സമീപംവച്ച് സുധാകരനും കൂട്ടുകാര്‍ക്കുമാണ് അന്നു മര്‍ദനമേറ്റിരുന്നത്.
സംഘട്ടനം നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് പോലീസ് വരുന്നതു കണ്ട പ്രതികള്‍ അന്ന് പാലത്തില്‍നിന്നു പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.