മലങ്കര ആശുപത്രിയിൽ പുതിയ ബ്ലോക്ക്, ഉദ്ഘാടനം ഞായറാഴ്ച
1454524
Friday, September 20, 2024 1:55 AM IST
കുന്നംകുളം: മലങ്കര ആശുപത്രിയിൽ പുതിയതായി നിർമിച്ച നാലുനില ബ്ലോക്കിന്റെ ഉദ്ഘാടനം ഞായറാഴ്ച നടത്തും.
വൈകീട്ട് അഞ്ചിനു നടക്കുന്ന ചടങ്ങിൽ ആശുപത്രി വൈസ് പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. ഡോ. യുഹാനോൻ മോർ മിലിത്തോസ് മെത്രാപ്പോലീത്ത പുതിയ കെട്ടിടത്തിലെ കെ.ടി. പാവുണ്ണി മെമ്മോറിയൽ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കും. സെന്റ് തോമസ് വാർഡിന്റെ ഉദ്ഘാടനം ആലത്തൂർ എംപി കെ. രാധാകൃഷ്ണനും മാർ കുരിയാക്കോസ് സഹദാ വാർഡിന്റെ ഉദ്ഘാടനം എ.സി. മൊയ്തീൻ എംഎൽഎയും ഫിലിപ്പോസ് മാർ തെയോഫിലോസിന്റെ നാമധേയത്തിലുള്ള ആധുനിക ലാബ് സമുച്ചയത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രനും നിർവഹിക്കും. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ആശുപത്രിയിലെത്തുന്ന രോഗികൾക്കും മറ്റും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടും 24 പുതിയ മുറികൾ ക്രമീകരിച്ചുകൊണ്ടുമാണ് പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങുന്നത്. മലങ്കര ആശുപത്രിയിൽ ദീർഘകാലം സെക്രട്ടറിയായി പ്രവർത്തിച്ച, ആശുപത്രിയുടെ എല്ലാ വികസനത്തിനും തുടക്കമിട്ട കെ.ടി. പാവുണ്ണിയുടെ നാമധേയത്തിൽ ആരംഭിക്കുന്ന പുതിയ ഒപി ബ്ലോക്ക് ഗ്രൗണ്ട് ഫ്ലോറിലാണ് പ്രവർത്തിക്കുക.
1977 ൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, വിഷചികിത്സ എന്നീ മൂന്ന് ഡിപ്പാർട്ട്മെന്റുകളുമായി തുടങ്ങിയ മലങ്കര ആശുപത്രി ഇന്ന് ജില്ലയിലെ മികച്ച ഒരു മൾട്ടി സ്പെഷാലിറ്റി ആശുപത്രിയായി മാറിക്കഴിഞ്ഞു.
30 ൽപരം ഡിപ്പാർട്ട്മെന്റുകളും 100 ഡോക്ടർമാരുൾപ്പെടെ 600 ഓളം ജീവനക്കാരും ഇന്ന് ആശുപത്രിയിലുണ്ട്. നവീനശ്രേണിയിലുള്ള ഡിജിറ്റൽ മാമോഗ്രാഫി പരിശോധനാസംവിധാനം ആശുപത്രിയിൽ ഉടൻതന്നെ പ്രവർത്തനം ആരംഭിക്കും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള ചികിത്സാ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പ് സേവനം മലങ്കരയിൽ ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കുമെന്നും ആശുപത്രി സെക്രട്ടറി കെ.പി. സാക്സൺ, ട്രഷറർ മോൺസി പി. എബ്രഹാം, സി.വി. പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.