എരുമപ്പെട്ടി പാഴിയോട്ടുമുറിയിൽ കാറുകളും ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേർക്കു പരിക്ക്
1425194
Monday, May 27, 2024 1:17 AM IST
എരുമപ്പെട്ടി: എരുമപ്പെട്ടി പാഴിയോട്ടുമുറിയിൽ കാറുകളും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്കു പരിക്കുപറ്റി. ഇന്നലെ ഉച്ചതിരിഞ്ഞ് 2.30ഓടെ പാത്രമംഗലം റോഡിൽവച്ചാണ് അപകടമുണ്ടായത്. എരുമപ്പെട്ടി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഒാൾട്ടോ കാറും പറപ്പൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന എക്സ്യുവി കാറും മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പുമാണു കൂട്ടിയിടിച്ചത്.
ഒാൾട്ടോ കാറിലുണ്ടായിരുന്ന എരുമപ്പെട്ടി കുറ്റിക്കാട്ടിൽ വർഗീസിന്റെ ഭാര്യ ജെല്ലി (38), മകൾ സ്നേഹ (15), ബന്ധു ജോസ്മി (28) എന്നിവർക്കാണു പരിക്കേറ്റത്. കാറ് ഓടിച്ചിരുന്ന മകൻ വിജിൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ പന്നിത്തടം യൂത്ത് വോയ്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേച്ചേരി ഭാഗത്തുനിന്നുവന്ന ഒാൾട്ടോ കാർ മുന്നിൽപോയിരുന്ന ജീപ്പിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എക്സ്യുവി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ഒാൾട്ടോ ജീപ്പിലും ഇടിച്ചു. മറ്റു വാഹനത്തിലുള്ളവർക്കു പരിക്കില്ല. അപകടത്തിൽ മൂന്നു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
വെള്ളറക്കാട് നെല്ലിക്കുന്ന് പ്രവർത്തിക്കുന്ന വില്ലേജ് അഗ്രോഫാമിന്റെ ഉടമ പറപ്പൂർ സ്വദേശി സിജോയും കുടുംബവുമാണ് എക്സ്യുവി കാറിലുണ്ടായിരുന്നത്. നെടുമ്പാശേരി എയർപോർട്ടിൽനിന്നു മലപ്പുറത്തേക്കു പോവുകയായിരുന്ന കുടുംബമായിരുന്നു ജീപ്പിലുണ്ടായിരുന്നത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.