ശിവാനിയെ യാത്രയാക്കാൻ കളക്ടറും എഡിഎമ്മും എത്തി
1465268
Thursday, October 31, 2024 1:35 AM IST
ആലുവ: അടിച്ചു വൃത്തിയാക്കിയ ആലുവ താലൂക്ക് ഓഫീസിന്റെ പടികളിലൂടെ ഇന്നലെ ഉച്ചയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ശിവാനിയ്ക്ക് യാത്രാമംഗങ്ങൾ നേരാൻ തഹസിൽദാരും ഡെപ്യൂട്ടി കളക്ടറും മാത്രമല്ല ജില്ലാ കളക്ടറുമെത്തി. മൂന്ന് പതിറ്റാണ്ട് നീണ്ട പാർട്ട് ടൈം സ്വീപ്പർ പോസ്റ്റിൽ നിന്ന് വിരമിച്ച ചൊവ്വര കൊണ്ടോട്ടി സ്വദേശി കെ.കെ. ശിവാനി(70)ക്കാണ് അപൂർവ യാത്രയയപ്പ് ലഭിച്ചത്.
മിനി സിവിൽ സ്റ്റേഷൻ അനക്സ് ഹാളിൽ നടന്ന ചടങ്ങിൽഭവാനിയെ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പൊന്നാട അണിയിച്ചു. ജീവനക്കാരുടെ സമ്മാനമായ സ്വർണമോതിരവും അണിയിച്ചു. ഫലകം എഡിഎം വിനോദ് രാജ സമർപ്പിച്ചു. എല്ലാവർക്കും പ്രിയങ്കരിയായിരുന്ന ശിവാനിയുടെ യാത്രയയപ്പിൽ മുൻ തഹസിൽദാർ അടക്കം സ്ഥലം മാറിപ്പോയവരും വിരമിച്ചവരും സംബന്ധിച്ചു. ആലുവ തഹസിൽദാർ ഡിക്സി ഫ്രാൻസിസ് അധ്യക്ഷയായി. ഇടുക്കി ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, അനിൽ മേനോൻ, പി.കെ. നളൻ എന്നിവർ പ്രസംഗിച്ചു. ശിവാനിയുടെ അനുജത്തിയുടെ മക്കളായ നിതിനും ശരതും സംബന്ധിച്ചു.
ചൊവ്വര കൊണ്ടോട്ടി കുടിലിങ്ങൽ വീട്ടിൽ പരേതരായ കുമാരന്റെയും നളിനിയുടെയും മകളാണ് ശിവാനി. അമ്മ നളിനിയായിരുന്നു താലൂക്ക് ഓഫീസിലെ ആദ്യ സ്വീപ്പർ. അമ്മയെ സഹായിക്കാനായി ശിവാനി വന്നിരുന്നതിനാൽ എല്ലാവർക്കും സുപരിചിതയായി.
എപ്പോഴും ചിരിച്ച മുഖത്തോടെ പരിഭവമില്ലാതെ ഊർജസ്വലയായി ജോലി ചെയ്യുന്നതാണ് ശിവാനിയെ പഴയതും പുതിയതുമായ ജീവനക്കാർക്ക് പ്രിയങ്കരിയാക്കിയത്.