വൈദ്യുതിപോസ്റ്റിന് അനുമതി നൽകിയില്ല; ഇരുട്ടിലായി ഒരു കുടുംബം
1591620
Sunday, September 14, 2025 11:13 PM IST
വണ്ടിപ്പെരിയാർ: വൈദ്യുതിപോസ്റ്റ് സ്ഥാപിക്കാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് രണ്ടര മാസമായി വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ കഴിയുകയാണ് വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ വിജയനും കുടുംബവും. പോബ്സ് എസ്റ്റേറ്റ് മാനേജ്മെന്റാണ് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ തടസം നിൽക്കുന്നത്.
48 വർഷമായി ഇഞ്ചിക്കാട് മാനേജേഴ്സ് ക്ലബ്ബിലെ വാച്ച്മാനായി ജോലിചെയ്യുന്ന വിജയന്റെ വീട്ടിലേക്ക് വൈദ്യുതി എത്തിയിരുന്നത് ക്ലബിലേക്ക് വൈദ്യുതി എത്തിച്ചിരുന്ന തടികൊണ്ടുള്ള വൈദ്യുതി പോസ്റ്റിൽനിന്നായിരുന്നു.
തടികൊണ്ടുള്ള ഇലക്ട്രിക് പോസ്റ്റ് ജീർണിച്ചതിനാൽ ഏതാനും മാസം മുൻപ് പോസ്റ്റ് ഒടിഞ്ഞുപോയി. ഇതോടെയാണ് വിജയന്റെ വീട്ടിലേക്കുള്ള വൈദ്യുതിയും നിലച്ചത്.
പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ വിജയൻ ശ്രമിച്ചപ്പോഴാണ് പോപ്സ് മാനേജ്മെന്റ് വൈദ്യുതി പോസ്റ്റു സ്ഥാപിക്കുന്നതിനെതിരേ രംഗത്തെത്തിയത്. വിജയന്റെ മകൻ ഓട്ടോറിക്ഷാ തൊഴിലാളി മോഹനനും അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഹാഷ്നിയും ഒന്നാം ക്ലാസിൽ പഠിക്കുന്ന ഹർഷിനിയും വൈദ്യുതിയില്ലാതെ മെഴുകുതിരി വെളിച്ചത്തിലാണ് കഴിയുന്നത്.