കുരുമുളക് കൃഷിയിൽ "പോലീസ് മുറ’
1591625
Sunday, September 14, 2025 11:13 PM IST
ബെന്നി മുക്കുങ്കൽ
നെടുങ്കണ്ടം: കാര്‍ഷികരംഗത്ത് പുതുമാതൃകകള്‍ സൃഷ്ടിക്കുകയാണ് നെടുങ്കണ്ടം കല്ലാര്‍ സ്വദേശിയായ രാധാകൃഷ്ണന് എന്ന പോലീസ് ഉദ്യോഗസ്ഥന്.
കുരുമുളക് ചെടിയുടെ താങ്ങുമരങ്ങള്‍ക്ക് പകരം പിവിസി പൈപ്പിലാണ് ഇദ്ദേഹത്തിന്റെ കൃഷി. കട്ടപ്പന ട്രാഫിക് പോലീസിലെ അഡീഷണല്‍ എസ്ഐയായ രാധകൃഷ്ണന് മണ്ണ് അറിയുന്ന ഒരു കര്ഷകന് കൂടിയാണ്.
ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒഴിവ് കിട്ടുമ്പോള്‍ ഇദ്ദേഹം കൃഷിയിടത്തിലേക്ക് എത്തും. കാര്‍ഷിക രംഗത്തെ നൂതന പരീക്ഷണങ്ങളുടെ വേദിയാണ് ഇദ്ദേഹത്തിന്റെ കൃഷിയിടം.
40 സെന്റ് ഭൂമിയിലാണ് പിവിസി പൈപ്പിൽ ഇദ്ദേഹം കുരുമുളക് കൃഷി ചെയ്യുന്നത്. പരമാവധി എട്ട് അടി ഉയര്ത്തില് മുറിച്ച പൈപ്പുകള്‍ ഒന്നര അടി മണ്ണില്‍ താഴ്ത്തി അഞ്ചടി അകലത്തിലാണ് നാട്ടിയിരിക്കുന്നത്. ആകെ 400 ഓളം ചെടികള്‍ ഇത്തരത്തില്‍ പരിപാലിക്കുന്നുണ്ട്.
തൊഴിലാളികള്‍ ഇല്ലാതെ കൃഷി പരിപാലനവും വിളവെടുപ്പും സ്വയം ചെയ്യാം എന്നതാണ് ഈ കൃഷിരീതിയുടെ പ്രധാന പ്രത്യേകത.
കുരുമുളക് കൂടാതെ കാപ്പിയും ഏലവും വിവിധ ഇനം ഫല വൃക്ഷങ്ങളും മീന്‍ വളര്‍ത്തലും എല്ലാം അടങ്ങിയ സമ്മിശ്ര കൃഷി രീതിയാണ് രാധാകൃഷ്ണന് പിന്തുടരുന്നത്.
രാധാകൃഷ്ണന്റെ ഭാര്യ ശ്രീകലയും പോലീസ് ഉദ്യോഗസ്ഥയാണ്.
വണ്ടന്മേട് സ്റ്റേഷനിലെ എഎസ്ഐ ആണ് ശ്രീകല. ഒഴിവുസമയങ്ങള്‍ ഈ പോലീസ് ദമ്പതികള്‍ ചിലവിടുന്നത് കൃഷിയിടത്തിലാണ്.
നൂതന കൃഷിരീതികള്‍ പരീക്ഷിക്കുന്നതിനൊപ്പം അറിവുകള്‍ കര്‍ഷകര്‍ക്ക് പകര്ന്നുനല്കാനും ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഈ പോലീസുകാരന് സമയം കണ്ടെത്തുന്നുണ്ട്.