പ്രതിസന്ധിയിൽ തളർന്ന് ജില്ലയിലെ ക്ഷീരകർഷകർ
1591623
Sunday, September 14, 2025 11:13 PM IST
തൊടുപുഴ: ക്ഷീര ജില്ലയായ ഇടുക്കിയിൽ ക്ഷീരകർഷകർ കടുത്ത ദുരിതത്തിൽ. ക്ഷീരകർഷകരോടുള്ള അധികൃതരുടെ അവഗണന തുടരുന്നതിലും പുലർച്ചെ മുതൽ അന്തിയോളം ജോലിയെടുത്താലും കാര്യമായ വരുമാനം നേടാൻ കഴിയാത്ത സാഹചര്യവും കണക്കിലെടുത്ത് ഒട്ടേറെ പേർ ഈ മേഖലയിൽനിന്നു പിൻവാങ്ങി. ഇതോടെ ജില്ലയിൽനിന്നുള്ള പാൽ ഉത്പാദനത്തിലും വലിയ തോതിൽ കുറവുണ്ടായി.
നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന പല ക്ഷീര സംഘങ്ങളും പ്രതിസന്ധിയെത്തുടർന്ന് അടച്ചുപൂട്ടി. ഒട്ടേറെ സംഘങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും ഭാരവാഹികൾ പറയുന്നു. അടിയന്തരമായി പാൽവില വർധിപ്പിച്ചില്ലെങ്കിൽ ക്ഷീരമേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടി.
കാർഷിക ജില്ലയായ ഇടുക്കിയിൽ കൃഷിയോടൊപ്പമാണ് പല കർഷകരും അധിക വരുമാനമെന്ന നിലയിൽ കന്നുകാലി വളർത്തൽ നടത്തുന്നത്. ക്ഷീരകർഷകരുടെ ഒരു ദിവസം കടന്നുപോകുന്നത് പുലർച്ചെ മുതൽ രാത്രി വൈകുവോളമുള്ള അധ്വാനത്തിലൂടെയാണ്. എന്നാൽ ഇത്തരത്തിൽ രാപകലോളം കഠിനാധ്വാനം നടത്തിയിട്ടും ക്ഷീരമേഖലയിൽനിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് പശുപരിപാലനവും ജീവിതവും മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നാണ് കർഷകരുടെ അഭിപ്രായം.
ജില്ലയിൽ 190 ക്ഷീര സംഘങ്ങളാണ് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. നേരത്തേ 10000നുമേൽ കർഷകർ ഈ സംഘങ്ങളിൽ പാൽ അളന്നിരുന്നു. എന്നാൽ ഇവരിൽനിന്നു നല്ലൊരു വിഭാഗം കർഷകരും മേഖല ഉപേക്ഷിച്ച് മറ്റു മേച്ചിൽപ്പുറങ്ങൾ തേടിപ്പോയി.
പാൽ വില കൂട്ടണം
ഉത്പാദനച്ചെലവിന് ആനുപാതികമായി പാലിന് വില ലഭിക്കുന്നില്ലെന്നതാണ് ഇവരുടെ പ്രധാന പരാതി. കൂടുതൽ കർഷകർ പാൽ വിറ്റഴിക്കുന്നത് പ്രാദേശിക ക്ഷീരസംഘങ്ങൾ വഴിയാണ്. പാലിന്റെ കൊഴുപ്പും കൊഴുപ്പിതര ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. ഉയർന്ന അളവിൽ ഉത്പാദനശേഷിയുള്ള എച്ച്എഫ് വിഭാഗം പോലെയുള്ള പശുക്കളുടെ പാലിൽ പൊതുവെ കൊഴുപ്പിന്റെ അളവ് കുറവായിരിക്കും. കുറഞ്ഞ അളവിൽ ഉത്പാദനമുള്ള ജേഴ്സി പോലെയുള്ള പശുക്കളുടെ പാലിൽ കൊഴുപ്പ് കൂടുതലായിരിക്കും.
നിലവിൽ ക്ഷീരസംഘങ്ങളിൽ അളക്കുന്ന ഒരു ലിറ്റർ പാലിന് 43-45 നിരക്കിലാണ് വില ലഭിക്കുന്നത്. എന്നാൽ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കണമെങ്കിൽ കർഷകന് 48.50 രൂപ ചെലവു വരുമെന്ന് കർഷകർ പറയുന്നു. അതിനാൽ അടിയന്തരമായി പാൽ വില വർധിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഈ ആവശ്യവുമായി ക്ഷീരകർഷകർ അടുത്ത ദിവസം പാൽ കമഴ്ത്തൽ സമരം നടത്തുന്നുണ്ട്.
കാലിത്തീറ്റ വില കുതിച്ചുയർന്നു
കാലിത്തീറ്റ വില ഉയർന്നതാണ് കർഷകരെ പ്രധാനമായും പ്രതിസന്ധിയിലാക്കിയത്. 50 കിലോ ചാക്ക് കാലിത്തീറ്റയ്ക്ക് 1400 രൂപയ്ക്കു മുകളിലാണ് വില. പച്ചപ്പുല്ല് ലഭ്യമല്ലാത്ത സാഹചര്യത്തിൽ കാലിത്തീറ്റയാണ് പശുക്കൾക്ക് പ്രധാനമായും നൽകുന്നത്. ഇതിനു പുറമേ തവിട്, പിണ്ണാക്ക്, വൈക്കോൽ എന്നിവയും നൽകണം. ഇവയുടെയും വില ക്രമാതീതമായി വർധിച്ചു. ഇതിനു പുറമേ പശുക്കൾക്ക് രോഗം ഉണ്ടായാൽ ചികിൽസയ്ക്കായും പണം മുടക്കണം. പതിവായി പശുക്കൾക്ക് ഉണ്ടാകുന്ന രോഗമാണ് അകിടു വീക്കം. ഇതിനു ചികിത്സ നൽകുന്നതിനു പുറമേ ഏതാനും ദിവസത്തേക്ക് പാൽ കൊടുക്കാനുമാകില്ല.
ഉത്പാദനത്തിൽ കുറവ്
ഓരോ വർഷവും ജില്ലയിൽ പാൽ ഉത്പാദനത്തിൽ കുറവുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്ഷീരമേഖലയിൽനിന്നു കർഷകർ കൊഴിഞ്ഞുപോകുന്നതാണ് പാൽ ഉത്പാദനത്തിൽ കുറവുവരാൻ കാരണമെന്നാണ് വിലയിരുത്തൽ. ക്ഷീരസംഘങ്ങളിൽ കർഷകർ അളന്ന കണക്കനുസരിച്ച് 2021 മുതൽ 2025 വരെയുള്ള വർഷങ്ങളിൽ ഉത്പാദനം വലിയ തോതിൽ കുറഞ്ഞതായാണ് വ്യക്തമാകുന്നത്.
2021-22 വർഷം ക്ഷീരസംഘങ്ങളിൽ കർഷകർ അളന്നത് 22,33,720 ലിറ്റർ പാലാണ്. എന്നാൽ 2022-23 ൽ എത്തിയപ്പോൾ 20,61,393 ലിറ്ററായി കുറഞ്ഞു. 2023-24 ൽ 18,86,273 ലിറ്ററായിരുന്നു ഉത്പാദനം. 2024-25 വർഷം 17,81,660 ലിറ്റർ പാലാണ് ക്ഷീര സംഘങ്ങൾ വഴി അളന്നത്. ഒരു വർഷത്തിനിടെ 1,04,613 ലിറ്റർ പാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ക്ഷീര സംഘങ്ങൾക്കു പുറമേ പ്രാദേശിക വിപണികളിലും സ്വകാര്യ ഏജൻസികൾക്കും കർഷകർ പാൽ വിൽപ്പന നടത്തുന്നുണ്ട്. ഇതിന്റെ കണക്കുകൾ ലഭ്യമല്ലെങ്കിലും പ്രാദേശിക വിൽപ്പനയിലും കുറവു വന്നതായി കർഷകർ വ്യക്തമാക്കി.
കന്നുകാലികൾ കുറഞ്ഞു
ജില്ലയിൽ ക്ഷീരമേഖലയിൽനിന്നു കർഷകർ പിൻമാറുന്നതു കൂടാതെ കന്നുകാലികളുടെ എണ്ണത്തിലും കുറവുവന്നതായി അധികൃതർ പറഞ്ഞു. 2020-ൽ നടന്ന മൃഗങ്ങളുടെ കണക്കെടുപ്പിൽ 55,318 ആയിരുന്നു കന്നുകാലികളുടെ എണ്ണം. ഈ വർഷമാണ് വീണ്ടും കണക്കെടുപ്പു നടത്തിയത.് ഇതിന്റെ കണക്കുകൾ മൃഗസംരക്ഷണ വകുപ്പ് പുറത്തുവിട്ടില്ലെങ്കിലും കന്നുകാലികളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവു വന്നിട്ടുണ്ടെന്നാണ് സൂചന.
നേരത്തേ തമിഴ്നാട്ടിൽനിന്നു മറ്റും ഉത്പാദന ശേഷി കൂടിയ കന്നുകാലികളെ കർഷകർ ജില്ലയിലേക്ക് വാങ്ങിക്കൊണ്ടു വരുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽനിന്നു വളർത്തുപശുക്കൾ കാര്യമായി കടന്നുവരുന്നില്ല. പലരും പശുക്കളെ വിറ്റാണ് മറ്റ് തൊഴിൽ മേഖലകളിലേയ്ക്ക് കടന്നത്. പല വീടുകളോടു ചേർന്നും പശുക്കളില്ലാതെ കാലിയായ തൊഴുത്തുകൾ കാണാമെന്നതാണ് അവസ്ഥ.