ചെക്ക് കേസ് പ്രതിക്ക് രണ്ടുവർഷം തടവും ഇരട്ടി തുകയും ശിക്ഷ
1485228
Sunday, December 8, 2024 3:45 AM IST
തൊടുപുഴ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്നു 2011-ൽ രണ്ടുകോടിയുടെ ചിട്ടി പിടിച്ച ശേഷം 1.20 കോടി കുടിശിക വരുത്തിയ കേസിൽ ബാലഗ്രാം സ്വദേശി ബല്ലാരി സന്തോഷ് എന്നു വിളിക്കുന്ന കെ.എസ്. സന്തോഷിനെ തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷം തടവും ഇരട്ടി തുകയും ശിക്ഷിച്ചു.
2013ൽ ശ്രീഗോകുലം ചിറ്റസ്് ആൻഡ് ഫൈനാൻസ് കട്ടപ്പന ശാഖയിൽ നൽകിയ ചെക്ക് മടങ്ങുകയായിരുന്നു. ഏഴ് ചിട്ടികൾക്കായി നൽകിയ മുഴുവൻ ചെക്കുകളും ബാങ്കിൽ പണം ഇല്ലാത്തത് കാരണം മടങ്ങി. കോടതിയിൽ കേസ് ഫയൽ നൽകിയ സമയം മുതൽ വ്യാജ രേഖകളും മൊഴിയും നൽകി കേസ് വഴിതിരിച്ചുവിടാൻ പ്രതി പ്രത്യേകം ശ്രമിച്ചതായും വാദിഭാഗം പറഞ്ഞു.
ചെക്ക് നൽകിയ ദിവസം താൻ തമിഴ്നാട്ടിൽ കത്തിക്കുത്തിന് വിധേയനായെന്നും തൂക്കുപാലത്ത് ആശുപത്രിയിൽ ചികിത്സ തേടിയതായും കോടതിയെ ബോധിപ്പിച്ച പ്രതി പണമടച്ചതെന്ന് തോന്നിപ്പിക്കുന്ന 30 വ്യാജ രസീതുകൾ ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.
വിസ്താരം നടക്കുന്ന വേളയിൽ പോലീസ് സ്റ്റേഷനിൽ പ്രത്യേക പരാതി നൽകി എഫ്ഐആർ ഇടുവിച്ചു. ഇതേത്തുടർന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാനും ഡയറക്ടറും ഡിജിപിക്ക് നൽകിയ പരാതിയിൽ കേസ് തൊടുപുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിച്ച് ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഗോകുലം ഹൈക്കോടതിയെ സമീപിക്കുകയും അഭിഭാഷകനായ സി. ഉണ്ണികൃഷ്ണൻ മുഖാന്തിരം എഫ്ഐആർ റദ്ദ് ചെയ്ത് ഓർഡർ വിസ്താര കോടതിയിൽ ഹാജരാക്കി വിചാരണ പുനഃരാരംഭിച്ചു. ഗോകുലത്തിനു വേണ്ടി അഡ്വ. വി.കെ. ബീന ഹാജരായി.