മുടങ്ങിക്കിടന്ന നെടുങ്കണ്ടം മാര്‍ക്കറ്റ് നിര്‍മാണം പുനരാരംഭിക്കുന്നു
1484987
Saturday, December 7, 2024 3:46 AM IST
നെടുങ്കണ്ടം: വിവാദങ്ങള്‍ക്കൊടുവില്‍ നെടുങ്കണ്ടം പബ്ലിക് മാര്‍ക്കറ്റിന്റെ ഒന്നാംഘട്ട നിര്‍മാണം അടുത്തയാഴ്ച പുനരാരംഭിക്കും. മൂന്നു വര്‍ഷം മുമ്പാണ് പടിഞ്ഞാറേക്കവലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടെയുള്ള പൊതു മാര്‍ക്കറ്റിന്റെ നിര്‍മാണം ആരംഭിച്ചത്. 54 മുറികളടങ്ങുന്ന മൂന്ന് നില കെട്ടിടത്തിന്റെ സ്ട്രക്ചര്‍ പൂര്‍ത്തിയായിട്ടുണ്ട്. പഞ്ചായത്തിന്റെ അഞ്ച് കോടി രൂപ മുടക്കിയാണ് നിര്‍മാണം നടന്നത്.
കേരള അര്‍ബന്‍ ആൻഡ് റൂറല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡില്‍നിന്നുള്ള വായ്പ ലഭ്യമാകാത്തതിനെത്തുടര്‍ന്ന് മാര്‍ക്കറ്റിന്റെ തുടര്‍ നിര്‍മാണം ഒരു വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്നു.
ഏറെ വിവാദങ്ങളും സമരങ്ങളും ഇതിന്റെ പേരില്‍ നടന്നു. നിലവില്‍ കെയുആര്ഡിഎഫ്സിയില്നിന്നു നാലരക്കോടി രൂപ വായ്പ ലഭിച്ചതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് മേയിൽ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തീകരിക്കും.
14ന് നിര്‍മാണം ആരംഭിക്കും. നിര്‍മാണം ആരംഭിക്കുന്നതിനൊപ്പം മുറികളുടെ ലേല നടപടികളും നടക്കും. ഇതു കൂടാതെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികളും അഞ്ചു മാസത്തിനുള്ളില്‍ ആരംഭിക്കും.
രണ്ടാംഘട്ടത്തില്‍ നിലവിലുള്ള കെട്ടിടത്തിന്റെ പിന്‍ഭാഗത്തായി മൂന്ന് നിലകളുള്ള മറ്റൊരു കെട്ടിടംകൂടി നിര്‍മിക്കും. മാര്‍ക്കറ്റ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനും വിരാമമാകും.
നിര്‍മാണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കെട്ടിടം ടെന്‍ഡര്‍ എടുത്ത വാപ്കോസിന്റെ റീജയണല്‍ മാനേജര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ചെറുകിട വ്യാപാരികള്‍ക്ക് മുറികള്‍ ലഭിച്ചേക്കില്ല
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ പുതിയ മാര്‍ക്കറ്റ് കെട്ടിടത്തില്‍ പഴയ വ്യാപാരികള്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ സാധ്യതയില്ല. പൂര്‍ണമായും ഇ-ലേലത്തിലൂടെയാണ് മുറികള്‍ ലേലം ചെയ്യുന്നത്.
ആദ്യ കെട്ടടത്തിന് കൊമേര്‍ഷ്യല്‍ വാല്യു കൂടുതലായതിനാല്‍ വന്‍കിട വ്യാപാരികള്‍ ഇത് പൂര്‍ണമായും ലേലത്തില്‍ പിടിക്കാനാണ് സാധ്യത.
പഴയ കെട്ടിടത്തില്‍ വ്യാപാരം ചെയ്തിരുന്ന ചെറുകിട വ്യാപാരികള്‍ക്ക് മുറികള്‍ അനുവദിക്കാനുള്ള ക്രമീകരണം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.