പട്ടയവിതരണ നിരോധനം: കോടതി വിധിക്കെതിരേ കഞ്ഞിക്കുഴിയിൽ കർഷക ജനകീയ കൂട്ടായ്മ
1479933
Monday, November 18, 2024 4:21 AM IST
ചെറുതോണി: കഞ്ഞിക്കുഴി ഉൾപ്പെടെ ജില്ലയിലെ മുപ്പതോളം പഞ്ചായത്തുകളിൽ പട്ടയ വിതരണം നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു.
പട്ടയ വിതരണം നിരോധിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരേ കഞ്ഞിക്കുഴിയിൽ കർഷക ജനകീയ കൂട്ടായ്മ പ്രതിഷേധ യോഗം ചേർന്നു.
കോടതിവിധിക്കു പിന്നാലെ കഞ്ഞിക്കുഴിയിലെ പട്ടയ നടപടികൾ തടസപ്പെട്ടിരിക്കുകയാണ്. കഞ്ഞിക്കുഴിയിൽ മാത്രം 385 പട്ടയങ്ങൾ വിതരണത്തിനായി തയാറാക്കിയിട്ടുണ്ടായിരുന്നു. 2160 അപേക്ഷകളിൽ മഹസർ നടപടികൾ പൂർത്തിയാക്കിയിട്ടുമുണ്ട്. ഇതെല്ലാം ഇപ്പോൾ തടയപ്പെട്ടിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനതല വിദഗ്ധ സമിതിക്കും കേന്ദ്രസർക്കാരിനും അപേക്ഷകൾ നൽകുന്നതിന് കഞ്ഞിക്കുഴി കർഷക ജനകീയ കൂട്ടായ്മ യോഗം തീരുമാനിച്ചു. നാഷണൽ ടീബോർഡ് അംഗം അഡ്വ. തുളസീധരൻപിള്ള അധ്യക്ഷത വഹിച്ചു. യോഗത്തിൽ വി.ബി. രാജൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജൻ, വണ്ണപ്പുറം ബ്ലോക്ക് ഡിവിഷൻ അംഗം അഡ്വ. ആൽബർട്ട് ജോസ്, അഡ്വ. ഷൈൻ, പി.സി. മാത്യു, സേവ്യർ തോമസ് എന്നിവർ പ്രസംഗിച്ചു.