തുടർച്ചയായി രണ്ടുദിവസവും അപകടം : തൊടുപുഴ-പാലാ റൂട്ട് അപകടപാത
1479691
Sunday, November 17, 2024 3:50 AM IST
തൊടുപുഴ: അപകടക്കെണിയായി തൊടുപുഴ-പാലാ റോഡ്. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ ഈ റൂട്ടിൽ വാഹനങ്ങളുടെ അമിതവേഗവും റോഡിലെ വളവുകളും ആണ് ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങളെ അപകടത്തിലാക്കുന്നത്.
കഴിഞ്ഞ ദിവസം നെല്ലാപ്പാറ വളവിൽ നിയന്ത്രണംവിട്ട തടി ലോറി തലകീഴായി മറിഞ്ഞിരുന്നു. ഇന്നലെ രാവിലെ കരിങ്കുന്നം ജംഗ്ഷനിൽ അമിത വേഗത്തിലെത്തിയ കാറുകൾ കൂട്ടിയിടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകൾക്കും സാരമായ കേടുപാടു സംഭവിച്ചു.
അപകടം പതിവായ നെല്ലാപ്പാറ വളവ്
നെല്ലാപ്പാറ കുരിശുപള്ളി വളവിലാണ് അപകടം പതിയിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് തടി കയറ്റി വന്ന ട്രക്ക് വളവിൽ തലകീഴായി മറിഞ്ഞത്. കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ തടി കയറ്റിയ പ്ലാറ്റ്ഫോം കാബിനിൽനിന്നു വേർപ്പെടുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
മാസങ്ങൾക്കു മുൻപ് ഇതേ സ്ഥലത്ത് ലോഡുമായി വളവു തിരിയുന്നതിനിടെ ലോറി തലകീഴായി മറിഞ്ഞിരുന്നു. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ഇവിടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഒട്ടേറെയാണ്. ഇറക്കവും കൊടും വളവുമായതിനാൽ പലപ്പോഴും വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകുന്നതാണ് അപകടങ്ങൾക്ക് വഴി വയ്ക്കുന്നത്.
നിർമാണത്തിൽ അപാകത
റോഡ് നിർമാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. കെഎസ്ടിപിയാണ് ആധുനിക നിലവാരത്തിൽ റോഡ് നിർമാണം പൂർത്തിയാക്കിയത്. പല ഭാഗത്തും നിരപ്പായ ഭാഗങ്ങളുമുണ്ട്.
ഇത്തരം സ്ഥലങ്ങളിൽ അമിത വേഗത്തിൽ പായുന്ന വാഹനങ്ങളും അപകടത്തിൽപ്പെടുന്നുണ്ട്. തൊടുപുഴ ഭാഗത്തുനിന്നും പാലാ ഭാഗത്തുനിന്നും കാറുകളാണ് ഇന്നലെ കരിങ്കുന്നം ടൗണിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു കാറിന്റെ എയർബാഗും പൊട്ടി.
നെല്ലാപ്പാറയിൽ അപകടം പതിവായതോടെ പൊതുമരാമത്ത് വിഭാഗവും മോട്ടോർ വാഹന വകുപ്പും ഇവിടെ പരിശോധന നടത്തിയിരുന്നു. അപകടം കുറയ്ക്കാനുള്ള സാധ്യതകൾ പഠിക്കാനായിരുന്നു പരിശോധന. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല.
ഇതിനിടെ നെല്ലാപ്പാറ വളവിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ പൊതുരാമത്ത് വകുപ്പോ കെഎസ്ടിപിയോ കുഴികൾ അടയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
റോഡിലെ കുഴികൾ അടയ്ക്കാനുള്ള ടൈലുകൾ സമീപത്ത് ഇറക്കിയിട്ടുണ്ടെങ്കിലും നിർമാണം നടത്തിയിട്ടില്ല. ടൈലുകൾ ഇപ്പോൾ പാതയോരത്ത് കാടു മൂടി കിടക്കുകയാണ്.