കുമളിയിൽ വന്യ ജീവികൾ : ബോർഡിലൊതുങ്ങുന്നു വനംവകുപ്പിന്റെ "ജാഗ്രത’
1479929
Monday, November 18, 2024 4:20 AM IST
കുമളി: ജനവാസ മേഖലകളായ കുമളിയിലും പരിസര പ്രദേശങ്ങളിലും വന്യജീവികൾ നിർഭയം കൂത്താടുകയാണ്. വന്യജീവികൾ നാട്ടിൽ പെരുകുന്പോൾ ജാഗ്രതാബോർഡുകൾ സ്ഥാപിച്ച് വനംവകുപ്പ് പണികഴിക്കുകയാണ്.
ഒരു വശത്ത് ജീവന് ഭീഷണിയായി വന്യജീവികൾ സ്വൈരവിഹാരം നടത്തുന്പോൾ മറുവശത്ത് യാത്രക്കാർക്കു ശല്യമായി വനംവകുപ്പിന്റെ ജാഗ്രതാബോർഡുകളും നിറയുകയാണ്. ഭയം വേണ്ട ജാഗ്രതമതിയെന്ന കോവിഡുകാലത്തെ സർക്കാരിന്റെ ആപ്തവാക്യമാണ് വന്യമൃഗ ഭീഷണിക്ക് എതിരേയും ഉപയോഗിക്കുന്നത്.
കുമളിക്ക് സമീപം കൊല്ലം-തേനി ദേശീയപാതയിൽ ചെളിമട കവലക്ക് സമീപം കാട്ടുപോത്തിന്റെ പടം വരച്ച മുന്നറിയിപ്പ് ബോർഡാണ് വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്നത്. സൂക്ഷിച്ച് നോക്കിയാൽ മാത്രം ബോർഡ് വായിക്കാം. റോഡരികിലാകെ മറ്റ് ബോർഡുകൾ യാത്രക്കാർക്ക് ശല്യമായി നിറയുന്പോഴാണ് വനംവകുപ്പിന്റെ വക ജാഗ്രതാ ബോർഡും നിരത്തിലിറക്കിയിരിക്കുന്നത്.
ചെളിമട, സ്പ്രിംഗ് വാലി, 63-ാം മൈൽ തുടങ്ങി വനാതിർത്തികളിൽ കാട്ടുപോത്ത്, കരടി, കടുവ തുടങ്ങി വനത്തിലെ സകല ജീവികളും ജനവാസ മേഖലകളിൽ ഇറങ്ങുന്നുണ്ട്. ഇവകളെ ബോർഡ് എഴുതിവച്ച് ഭീഷണിപ്പെടുത്താനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. സ്പ്രിംഗ വാലിയിൽ യുവാവിനെ കാട്ടുപോത്താക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത് ഏതാനും മാസം മുൻപാണ്.
വനാതിർത്തികളിലാണ് പ്രശ്നമെന്ന് കരുതിയെങ്കിൽ തെറ്റി. ഇപ്പോൾ നാട്ടിലാകെ വന്യജീവികളാണ്.
ചക്കുപള്ളത്ത് കടുവയും അട്ടപ്പള്ളത്ത് പുലിയും ഇന്നലെ നാലാംമൈലിൽ കടുവയും എത്തി. വീടിന്റെ മുറ്റത്തും പിന്നിലുമൊക്കെയാണ് ഇവകൾ എത്തിയിരിക്കുന്നത്. കാമറ, കൂട് എന്നിവയാണ് വനംവകുപ്പിന്റെ കൈയിൽ ഉണ്ടായിരുന്ന മരുന്നുകൾ. ഇപ്പോൾ ജാഗ്രത ബോർഡും എത്തിച്ചിരിക്കുകയാണ്. എല്ലാം ശരിയാകും.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ തൊഴിലാളിക്കു പരിക്ക്
മൂന്നാർ: മൂന്നാറിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്. തെന്മല എസ്റ്റേറ്റ് ലോവർ സ്വദേശി സൂസൈ മുത്തുവിന്റെ ഭാര്യ മീന (47) യ്ക്കാണ് പരിക്കേറ്റത്. തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെ ഇന്നലെ രാവിലെ അപ്രതീക്ഷിതമായി എത്തിയ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ മീനയെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവസമയത്ത് വേറെയും തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും മറ്റുള്ളവർ രക്ഷപ്പെട്ടു.