പഴയവിടുതി സ്കൂളിന്റെ മഹിമ പാഠ്യപദ്ധതിയിൽ
1479918
Monday, November 18, 2024 3:58 AM IST
മണ്ണിൽ പൊന്ന് വിളയിച്ച്
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: പ്രകൃതിയോടിണങ്ങിച്ചേർന്ന ജീവിതവും പഠനവും വഴി അക്ഷരമുറ്റത്ത് തനതായ പാദമുദ്ര പതിപ്പിച്ച പഴയവിടുതി ഗവ. യുപിഎസിലെ വിദ്യാർഥികൾ നാടിന്റെ അഭിമാനം ഉയർത്തിയത് വാനോളം. പച്ചക്കറി കൃഷിയിലൂടെ പാഠ്യപദ്ധതിയിൽ ഇടംനേടിയ സ്കൂളാണിത്.
സ്കൂൾ വളപ്പിൽ കുട്ടികൾ പച്ചക്കറി കൃഷി ചെയ്യുന്ന നാലു ചിത്രങ്ങളാണ് എസ്ഇആർടി മൂന്നാംക്ലാസിലെ രണ്ടാംവാല്യത്തിലെ പരിസരപഠനം എന്ന അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന പച്ചക്കറി കൃഷി ശ്രദ്ധേയമായതോടെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ നിരവധി അംഗീകാരങ്ങളാണ് സ്കൂളിനെ തേടിയെത്തിയത്. 2017ൽ ഏറ്റവും മികച്ച സ്കൂൾ വെജിറ്റബിൾ ഗാർഡനുള്ള കൃഷിവകുപ്പിന്റെ സംസ്ഥാന അവാർഡും രണ്ടു തവണ ജില്ലാതല അവാർഡും ലഭിച്ചിരുന്നു.
കൃഷി രണ്ടേക്കറിൽ
2010ലാണ് സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷിയെന്ന ആശയവുമായി സ്കൂൾ അധികൃതർ രംഗത്തിറങ്ങുന്നത്. സ്കൂളിന് സ്വന്തമായുള്ള രണ്ടരയേക്കർ പുരയിടത്തിൽ അരയേക്കറോളം സ്ഥലത്താണ് സ്കൂൾ കെട്ടിടവും കളിസ്ഥലവും സ്ഥിതി ചെയ്യുന്നത്.
ശേഷിക്കുന്ന രണ്ടേക്കറോളം സ്ഥലം പാഴായികിടക്കുന്ന സാഹചര്യമായിരുന്നു. ഇവിടെ ആനതൊട്ടാവാടി എന്ന കാട്ടുചെടി വളർന്ന് ഇഴജന്തുക്കളുടെയടക്കം വിഹാര കേന്ദ്രമായി മാറി.
തൊഴിലാളികളെ ഉപയോഗിച്ച് വർഷത്തിൽ പലതവണ കാട് വെട്ടിത്തെളിച്ചിട്ടും ദിവസങ്ങൾക്കകം ഇവിടെ വീണ്ടും കാടുംപടലും കയറുന്ന സ്ഥിതിയായി.
ഇതിനിടെയാണ് സ്ഥലം കാടു കയറുന്നത് ഒഴിവാക്കുന്നതിനും പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും കുട്ടികളുടെ പങ്കാളിത്തത്തോടെ ഇവിടെ പച്ചക്കറി കൃഷി ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.
പച്ചക്കറികളുടെ കലവറ
കൃഷിയുടെ തുടക്കത്തിൽ കുറ്റി ബീൻസാണ് കൃഷിചെയ്തത്. ഇതിൽ നൂറുമേനി വിളവ് ലഭിച്ചതോടെ കൃഷി കൂടുതൽ വ്യാപിപ്പിക്കാൻ പ്രചോദനമായി. കൃഷിവകുപ്പിന്റെ മാർഗനിർദേശങ്ങളും സഹായവും ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. നിലവിൽ ഇലക്കറികൾ ഉൾപ്പെടെ 35 ഇനം ചച്ചക്കറികളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
ബട്ടർബീൻസ്, പച്ചപ്പയർ, കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, പാലക്ക് ചീര, പാവൽ, മത്തൻ, പടവലം ഇങ്ങനെ പോകുന്നു ഇവിടുത്തെ കൃഷികൾ.
കുട്ടികൾ വീട്ടിൽനിന്നു കൊണ്ടുവരുന്ന ചാണകമായിരുന്നു തൈകൾക്ക് വളമായി നൽകിയത്. സ്കൂൾ ഉച്ചഭക്ഷണത്തിനാണ് പച്ചക്കറികൾ കൂടുതലായും ഉപയോഗിച്ചുവരുന്നത്. കൃഷി വ്യാപിച്ചതോടെ എല്ലാ ജോലികളും കുട്ടികൾക്ക് ചെയ്യാനാകാതെ വന്നു. തൈനടീലും വിളവെടുപ്പുമാണ് കുട്ടികൾ പ്രധാനമായും ചെയ്തിരുന്നത്.
"കുട്ടിക്കൊരു പച്ചക്കറി പദ്ധതി'
സ്കൂൾ വളപ്പിലെ കൃഷിയിൽ കുട്ടികൾക്കുള്ള താത്പര്യം തിരിച്ചറിഞ്ഞ അധ്യാപകർ കുട്ടിക്കൊരു പച്ചക്കറി പദ്ധതി, ഇറന്പിലെ കൃഷി തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കി.
"കുട്ടിക്കൊരു പച്ചക്കറി പദ്ധതി'യിൽ ഓരോ കുട്ടിക്കും ഓരോ ഗ്രോബാഗ് വീതം നൽകും. ഇതിൽ കുട്ടികളുടെ പേരും രേഖപ്പെടുത്തും. ഓരോരുത്തരും തങ്ങളുടെ പേരിലുള്ള ബാഗിൽ പച്ചക്കറികൾ നടുകയും അവയുടെ പരിപാലനം സ്വയം ഏറ്റെടുത്ത് നടത്തുകയും ചെയ്യണം.
ഓരോ ദിവസവും വിദ്യാർഥികൾ സൂക്ഷമതയോടെ ഇക്കാര്യങ്ങൾ ചെയ്തുവന്നു. പിന്നീട് സ്വന്തം വീടുകളിലും പച്ചക്കറി കൃഷി ചെയ്യാൻ കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകി. ഇതോടെ നിരവധി കുട്ടികൾക്ക് പഞ്ചായത്തിൽനിന്ന് അവാർഡുകളും ലഭിച്ചു.
2002ൽ അണ് ഇക്കണോമിക് ലിസ്റ്റിൽ ഉൾപ്പെട്ട ഈ സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിൽനിന്നുമാണ് നിരവധി നേട്ടങ്ങൾ സ്വന്തമാക്കി കുതിച്ചുയർന്നത്. പച്ചക്കറി തോട്ടത്തോടൊപ്പം സമീപനാളിൽ പഴവർഗ തോട്ടവും ആരംഭിച്ചിട്ടുണ്ട്.
റംബുട്ടാൻ, മംഗോസ്റ്റിൻ, സപ്പോട്ട, വിവിധയിനം ചാന്പകൾ, മാവുകൾ തുടങ്ങി നിരവധി പഴവർഗ ചെടികളാണ് ഇവിടെയുള്ളത്. 160 വിദ്യാർഥികളും പ്രധാനാധ്യാപകൻ ഉൾപ്പെടെ എട്ട് അധ്യാപകരുമാണ് ഇവിടെയുള്ളത്. എ.എസ്. ആസാദാണ് ഹെഡ്മാസ്റ്റർ.
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിടിഎ പ്രസിഡന്റ് യു.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളും താങ്ങും തണലുമായി രംഗത്തുണ്ട്.