ചുരുളിയിൽ വീണ്ടും കുബേര വീട്ടമ്മയുടെ മരണ കാരണം ബ്ലേഡുകാരുടെ ഭീഷണിയോ?
1479701
Sunday, November 17, 2024 4:08 AM IST
ചെറുതോണി: ചുരുളിയിൽ കുബേര വീണ്ടും തലപൊക്കി. ബ്ലേഡുകാരുടെ ഭീഷണിക്കുമുമ്പിൽ പിടിച്ചുനിൽക്കാനാവാതെ വീട്ടമ്മ ജീവനൊടുക്കിയതോടെയാണ് കുബേര വീണ്ടും ചർച്ചയായത്.
ചുരുളിയിൽ ഒരാഴ്ച മുൻപ് നെല്ലിക്കുന്നേൽ അനിലിന്റെ ഭാര്യ അമ്പിളി ജീവനൊടുക്കിയത് ബ്ലേഡ് പലിശക്കാരുടെ ഭീഷണി മൂലമാണെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. ജീവനൊടുക്കിയ അമ്പിളിക്ക് വൻതുക കടബാധ്യതയുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ചു കഞ്ഞിക്കുഴി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഇവർ സ്വന്തമായി പശുക്കളെ വളർത്തിയും തൊഴിലുറപ്പിനു പോയുമാണ് കുടുംബം നോക്കിയിരുന്നത്. ഏഴു പശുക്കളെ ഇവർ വളർത്തിയിരുന്നു. ദിനംപ്രതി 80 ലിറ്റർ പാൽ ഇവർ വിറ്റിരുന്നതായി പറയുന്നു. അയൽവാസിയായ ഒരു വീട്ടമ്മയിൽനിന്ന് ഇവർ അഞ്ചു ലക്ഷം രൂപ പലിശയ്ക്കു വാങ്ങിയിരുന്നതായി പറയുന്നു.
മറ്റൊരു വീട്ടമ്മ 14 ലക്ഷം കൊടുത്തതായും സൂചനയുണ്ട്. കൃത്യസമയത്തു പണം തിരികെ കൊടുക്കാതെ വന്നതോടെ ഇവർ വീട്ടിൽ ചെന്നു ഭീഷണിപ്പെടുത്തിയതായി നാട്ടുകാർ പറയുന്നു. ഇതേ രീതിയിൽ പലരിൽനിന്നായി കുടുംബശ്രീ വഴിയും ഇവർ പണം വാങ്ങിയിരുന്നതായി സൂചനയുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി ചുരുളി ബ്ലേഡ് മാഫിയയുടെ പിടിയിലാണെന്ന് നാട്ടുകാർ പറയുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളി കേന്ദ്രീകരിച്ച് ഒരു ഡസൻ ബ്ലേഡു മാഫിയക്കാർ ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവരെല്ലാവരും ഭാര്യമാർ വഴിയാണ് പലിശയ്ക്കു പണം കൊടുക്കുന്നത്. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇവർ തുക നൽകുന്നത്. കുടുബശ്രീ പോലുള്ള സ്ഥാപനങ്ങളെ ദുരുപയോഗപ്പെടുത്തിയും സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുണ്ട്.
ഇവർ കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് കുറഞ്ഞ ശതമാനം പലിശയ്ക്ക് ജെഎൽജി ലോണെടുപ്പിച്ച് അതിന്റെ ഇരട്ടിയിലധികം പലിശയ്ക്ക് മറ്റുള്ളവർക്ക് മറിച്ചുനൽകിയാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനു ചില ഭരണ സംവിധാനങ്ങൾ ഒത്താശ ചെയ്യുന്നതായും ആരോപണമുണ്ട്. പണം സമയത്ത് ലഭിക്കാതെ വരുമ്പോൾ ഇവർ വീടുകളിൽ കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തും.
എത്ര തിരിച്ച് നൽകിയാലും മുതൽ തീരില്ല. ഇങ്ങനെ ഭീമമായ കടബാധ്യത താങ്ങാൻ സാധിക്കാതെ വന്നതിനാലാണ് കഴിഞ്ഞ ദിവസം ചുരുളിയിൽ അമ്പിളി ജീവനൊടുക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. ബ്ലേഡ് മാഫിയകൾക്കെതിരേ നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യത ഉണ്ടെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.
എന്നാൽ, വീട്ടമ്മയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് കഞ്ഞിക്കുഴി പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് ആ രും പരാതി നൽകിയിട്ടില്ല. പോലീസ് സ്വന്തം നിലയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇവരുടെ മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. മരണാനന്തരച്ചടങ്ങുകൾക്കുശേഷം സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പരാതി കൊടുക്കാനാണ് ബന്ധുക്കളുടെ തീരുമാനം.