എംഡിഎംഎ: സിനിമ, ബിഗ് ബോസ് താരം റിമാൻഡിൽ
1479930
Monday, November 18, 2024 4:20 AM IST
തൊടുപുഴ: എംഡിഎംഎയും കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായ സിനിമാ-ബിഗ് ബോസ് താരത്തെയും സുഹൃത്തിനെയും കോടതി റിമാൻഡ് ചെയ്തു. നടനും ഗായകനും ബിഗ് ബോസ് താരവുമായ കുന്നത്തുനാട് കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പരീക്കുട്ടി എന്നു വിളിക്കുന്ന പി.എസ്. ഫരീദുദ്ദീൻ (31), വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്മോൻ ദേവസ്യ (24) എന്നിവരെയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്.
ശനിയാഴ്ച ഉച്ചയോടെ കാഞ്ഞാർ-വാഗമണ്‍ റൂട്ടിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും എക്സൈസിന്റെ പിടിയിലായത്. സ്വകാര്യ ചാനലിലെ റിയാലിറ്റിഷോയായ ബിഗ് ബോസിൽ മത്സരാർഥിയായിരുന്ന പരീക്കുട്ടി ഒരു അഡാർലൗ, ഹാപ്പി വെഡിംഗ്സ് എന്നി സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്, പരീക്കുട്ടി പെരുന്പാവൂർ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്നത്. ഗായകൻ കൂടിയായ പരീക്കുട്ടിക്ക് ഒട്ടേറെ ഫോളോവേഴ്സുമുണ്ട്.
വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റൂട്ടുകളിൽ എക്സൈസ് നടത്തുന്ന പതിവു പരിശോധനയ്ക്കിടെയാണ് ഇരുവരുടെയും പക്കൽനിന്നു എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്.
പരീക്കുട്ടിയുടെ കൈയിൽനിന്നു 230 മില്ലിഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവും ജിസ്മോന്റെ പക്കൽനിന്നു 10.50 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ലഹരി വസ്തുക്കൾ.
കാറിൽ ഇവർക്കൊപ്പം രണ്ടു യുവതികളും രണ്ടു നായ്ക്കളുമുണ്ടായിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതികളെ ചോദ്യം ചെയ്തപ്പോൾ ഇവർക്ക് ഇതുമായി ബന്ധമില്ലെന്ന് വ്യക്തമായതിനാൽ വിട്ടയച്ചു.
വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ലഹരി വസ്തുക്കളുമായി ഇതിനു മുന്‍പും വിനോദസഞ്ചാരികൾ പിടിയിലായിട്ടുണ്ട്.
വാഗമണ്ണിൽ റിസോർട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ലഹരിപ്പാർട്ടി നടത്തിയ സംഘവും പിടിയിലായിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘമാണ് ഇവിടേക്ക് ഇത്തരം ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്നതെന്നാണ് സൂചന.