പ്രീമെട്രിക് ഹോസ്റ്റലിലെ ദുരിതം: ഓഫീസർ നേരിട്ട് ഹാജരാകണം
1479698
Sunday, November 17, 2024 4:08 AM IST
ഇടുക്കി: അടിമാലി മന്നാംകാലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾ ബോധ്യപ്പെടുത്തുന്നതിനായി അടിമാലി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ആണ്‍കുട്ടികളുടെ ഹോസ്റ്റൽ ഒന്നിലെയും രണ്ടിലെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന പരാതിയിലാണ് ഡിസംബർ 13ന് രാവിലെ 10ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടത്.
ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ കെട്ടിടങ്ങൾ നവീകരിക്കുന്നതിന് 31,50,000, 34,50,000 രൂപയുടെയും രണ്ട് എസ്റ്റിമേറ്റുകൾ ഭരണാനുമതിക്കും ഫണ്ട് അനുവദിക്കുന്നതിനുമായി 2022 ഡിസംബർ ഒന്നിന് പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർക്ക് അയച്ചതായി പറയുന്നു.
ഡയറക്ടർ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുത്ത് ട്രൈബൽ ഡവലപ്മെന്റ് ഓഫീസറെ വിവരമറിയിക്കണം. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെട്ടിടം വിഭാഗം അസിസ്റ്റന്റ് എൻജിനിയറോടൊപ്പം ഹോസ്റ്റൽ സന്ദർശിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം മനസിലാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കൃഷ്ണമൂർത്തി സമർപ്പിച്ച പരാതിയിലാണ് നടപടി.