പാചകവാതക വിലവർധന: ഭക്ഷ്യശാലകൾ പ്രതിസന്ധിയിൽ
1479688
Sunday, November 17, 2024 3:50 AM IST
തൊടുപുഴ: വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെയും അവശ്യ സാധനങ്ങളുടെയും വില നിയന്ത്രണങ്ങളില്ലാതെ കുതിയ്ക്കുന്നതു മൂലം ജില്ലയിലെ ഭക്ഷ്യശാലകൾ പ്രതിസന്ധിയിൽ.
വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 1,883 രൂപയാണ് നിലവിലുള്ള വില. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ മാസം 48.50 രൂപ കൂട്ടിയിരുന്നു. ഇതിനു പുറമേ 61.50 രൂപ അടുത്ത നാളിലും കൂട്ടി. നാലു മാസത്തിനിടെ 157.50 രൂപയുടെ വർധനവാണ് ഒരു സിലിണ്ടറിനുണ്ടായത്.
ശരാശരി കച്ചവടമുള്ള ഹോട്ടലുകൾക്ക് 12 മണിക്കൂർ മാത്രമാണ് ഒരു സിലിണ്ടർ ഉപയോഗിക്കാൻ കഴിയുന്നത്. രണ്ടോ അതിൽ കൂടുതലോ സിലിണ്ടർ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകൾക്ക് നിലവിലുള്ള വിലയനുസരിച്ച് ഒരുമാസം 23,000 മുതൽ 67,000 വരെ അധികച്ചെലവ് വേണ്ടിവരുന്നുണ്ട്. ഉപഭോക്താവിന് സൗകര്യ പ്രദമായ സ്ഥലത്ത് സിലിണ്ടർ എത്തിക്കുന്നതിന് വിതരണക്കൂലിയിനത്തിലും അധികപണം നൽകണം. വിതരണക്കൂലിയിനത്തിൽ ചില സ്ഥലങ്ങളിൽ അമിതത്തുക ഈടാക്കുന്നതായും പരാതികൾ ഉയർന്നിരുന്നു.
ഇതിനു പുറമേയാണ് മറ്റ് അവശ്യസാധനങ്ങളുടെ വിലയിൽ വരുന്ന വർധനവും ഉയർന്ന തൊഴിൽക്കൂലിയും പ്രതിസന്ധി സൃഷ്ടിക്കുന്നത്. അടുത്ത നാളിൽ സവാള വില കൂടിയത് ഹോട്ടലുകളെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. മത്സ്യം , മാംസം, പച്ചക്കറി എന്നിവയുടെ വിലയിലും വർധനയുണ്ടായി. സാധാരണ തൊഴിലാളികൾക്കു പോലും 900 രൂപ മുതൽ കൂലി നൽകണമെന്ന് ഭക്ഷ്യശാല ഉടമകൾ പറയുന്നു.
ഹോട്ടൽ, ബേക്കറി, റസ്റ്റോറന്റുകൾ, തട്ടുകടകൾ, കേറ്ററിംഗ് തുടങ്ങി എല്ലാ ഭക്ഷ്യോത്പന്ന വിതരണ സ്ഥാപനങ്ങളെയും പാചക വാതക വിലവർധന കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒട്ടേറെ സ്ഥാപനങ്ങൾ പിടിച്ചുനിൽക്കാൻ കഴിയാതെ അടുത്ത നാളുകളിൽ പൂട്ടിപ്പോയി.
മറ്റ് തൊഴിൽമേഖലകൾ തേടിപ്പോകാൻ കഴിയാത്തവരാണ് സാന്പത്തികലാഭം നോക്കാതെ ഈ രംഗത്ത് പിടിച്ചുനിൽക്കുന്നത്. പാചകവാതക വില കുറയ്ക്കാൻ അധികൃതർ അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കിൽ ചെറുകിട ഹോട്ടലുകൾ ഇനിയും അടച്ചുപൂട്ടേണ്ടി വരുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.