ലിങ്ക് റോഡിന് ഫണ്ട് : കൗണ്‍സിലിൽ ബിജെപി അംഗങ്ങൾക്ക് ഭിന്നത
1479699
Sunday, November 17, 2024 4:08 AM IST
തൊടുപുഴ: നഗരത്തിൽ കാഞ്ഞിരമറ്റം ബൈപാസിനെയും മാർക്കറ്റ് റോഡിനെയും ബന്ധിപ്പിച്ച് നിർമിക്കാൻ ലക്ഷ്യമിട്ട ലിങ്ക് റോഡിനു ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് ബിജെപി കൗണ്‍സിലർമാർ തമ്മിൽ അഭിപ്രായഭിന്നത. ലിങ്ക് റോഡിന് ഫണ്ട് അനുവദിക്കണമെന്ന വിഷയം ഉന്നയിച്ച നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ബിജെപി അംഗവുമായ പി.ജി. രാജശേഖരന്റെ ആവശ്യത്തെ പാർട്ടി അംഗങ്ങൾതന്നെ എതിർത്തതോടെ അദ്ദേഹം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞദിവസത്തെ കൗണ്‍സിൽ യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. തന്റെ വാർഡിൽ ഉൾപ്പെടുന്നതും നഗരസഭ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടതുമായ നിർദിഷ്ട ലിങ്ക് റോഡിനു സ്ഥലം ഏറ്റെടുക്കാൻ 80 ലക്ഷം രൂപ അനുവദിക്കണമെന്നാണ് രാജശേഖരൻ ആവശ്യപ്പെട്ടത്. ഇതിനായി കേന്ദ്ര ധനകാര്യ കമ്മിഷൻ അനുവദിച്ചിരിക്കുന്ന 70 ലക്ഷം രൂപ മാറ്റണമെന്നും രാജശേഖരൻ ആവശ്യപ്പെട്ടു.
എന്നാൽ ലിങ്ക് റോഡിനായി മാത്രം ഫണ്ട് വകമാറ്റാൻ പാടില്ലെന്ന നിലപാടുമായി ബിജെപിയിലെ ഭൂരിപക്ഷം കൗണ്‍സിലർമാരും രംഗത്ത് വന്നു. എൽഡിഎഫ്, യുഡിഎഫ് കൗണ്‍സിലർമാർ ഒരു പക്ഷവും ചേരാതെ നിലയുറപ്പിച്ചു. ഇതോടെ പ്രതിഷേധം അറിയിച്ച് രാജശേഖരൻഇറങ്ങിപ്പോകുകയായിരുന്നു.
തുർന്ന് ധനകാര്യ കമ്മിഷൻ അനുവദിച്ച തുകയിൽനിന്ന് നഗരസഭയിലെ 35 വാർഡുകളിലേക്കും രണ്ടു ലക്ഷം രൂപ വീതം നൽകാൻ കൗണ്‍സിൽ തീരുമാനിച്ചു. കെഎസ്ആർടിസി ഡിപ്പോ പ്രവർത്തിച്ചിരുന്ന നഗരസഭയുടെ ലോറി സ്റ്റാൻഡിനു സമീപത്തുനിന്ന് ആരംഭിച്ച് മാർക്കറ്റ് റോഡിലെത്തുന്ന തരത്തിൽ ലിങ്ക് റോഡ് നിർമിക്കാൻ നഗരസഭ വർഷങ്ങൾക്ക് മുൻപ് തീരുമാനിച്ചതാണ്.
ഇതിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കാനാണ് ഫണ്ട് വിനിയോഗിക്കേണ്ടത്. എന്നാൽ മാറി മാറി വരുന്ന കൗണ്‍സിലുകൾ ഒന്നും ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നില്ലെന്നു മാത്രം. ഇതിനിടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടതിനാൽ സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഉടമയും നഗരസഭയെ സമീപിച്ചിരുന്നു.