രാമക്കൽമേട് -വണ്ണപ്പുറം സംസ്ഥാനപാതയുടെ അടുത്ത റീച്ചിന്റെ പണികൾ ആരംഭിക്കണം
1478548
Tuesday, November 12, 2024 7:40 AM IST
എഴുകുംവയൽ: എറണാകുളവും തമിഴ്നാടുമായി കുറഞ്ഞ ദൂരത്തിൽ ബന്ധപ്പെടാൻ ഉപകരിക്കുന്നതും മലയോരമേഖലകളുടെ വികസനത്തിന് വഴിതെളിക്കുന്നതുമായ രാമക്കൽമേട് -വണ്ണപ്പുറം സംസ്ഥാനപാതയുടെ കന്പംമെട്ട് മുതൽ ആശാരികവല വരെയുള്ള ആദ്യത്തെ റീച്ചിന്റെ പണികൾ പൂർത്തിയായി വരുന്ന സാഹചര്യത്തിൽ ഇതിന്റെ അടുത്ത റീച്ചിന്റെ ടെണ്ടർ നടപടികൾ നടത്തി നിർമാണം ആരംഭിക്കണമെന്ന് കേരള കോണ്ഗ്രസ് എഴുകുംവയൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.
എഴുകുംവയൽ മുതൽ ചേലച്ചുവട് വരെയുള്ളതാണ് അടുത്ത റീച്ച്. മലയോര കാർഷിക മേഖലകളുടെ സമഗ്രവളർച്ചയ്ക്ക് വഴിതെളിക്കുന്ന പാതയാണിത്. സംസ്ഥാനത്തെ അവികസിത മേഖലകളായ എഴുകുംവയൽ മുതൽ ചേലച്ചുവട് വരെയുള്ള ഗ്രാമീണ മേഖലകളുടെ ഉന്നമനത്തിനും കാർഷിക മേഖലകളുടെ വളർച്ചയ്ക്കും ഗതാഗത വികസനത്തിനും വഴിതെളിക്കുന്ന ഈ പാത ഉടന്പൻചോല, ഇടുക്കി നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
രണ്ടാമത്തെ റീച്ചിന്റെ നിർമാണത്തിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജോണി പുതിയാപറന്പിൽ, തോമസ് വെച്ചൂർചെരുവിൽ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മെംബർ ജൈനമ്മ ബേബി എന്നിവർ പ്രസംഗിച്ചു.