ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തിയ പ്രതി പിടിയിൽ
1461106
Tuesday, October 15, 2024 12:37 AM IST
മൂലമറ്റം: ആദിവാസിയായ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പൂച്ചപ്ര വാളിയംപ്ലാക്കൽ ബാലൻ (കൃഷ്ണൻ - 48) കുത്തേറ്റു മരിച്ച കേസിൽ ബന്ധുവായ വാളിയംപ്ലാക്കൽ ജയനെ (33) ആണ് പോലീസ് അറസ്റ്റ്ചെയ്തത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ജയനെ കുളമാവ് വലിയമാവ് വനമേഖലയിൽനിന്നാണ് ഇന്നലെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഘം ചേർന്ന് മദ്യപിച്ച ശേഷമുണ്ടായ വാക്കു തർക്കത്തിനൊടുവിലാണ് ബാലന് കുത്തേറ്റത്. കുത്തേറ്റു വീണു കിടന്ന ബാലനെ കാഞ്ഞാർ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
ജയനു വേണ്ടി ശനിയാഴ്ച രാത്രിതന്നെ നാട്ടുകാരെ കൂട്ടി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാസങ്ങൾക്കു മുന്പും ജയൻ ബാലന്റെ കാലിനു വെട്ടി പരിക്കേൽപ്പിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ്, തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവേൽ പോൾ എന്നിവരുടെ നിർദേശപ്രകാരം കുളമാവ് എസ്എച്ച്ഒ സുബിൻ തങ്കച്ചൻ, എസ്ഐമാരായ ബൈജു പി.ബാബു, മധു, ത്രിദീപ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ എസ്.ആർ. ശ്യാം, നിതീഫ് രാജ്, ജോസ് ജോസഫ്, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.ഇടുക്കി റോഡിൽ എട്ടാം വളവിൽ കാട്ടിൽ ഒളിപ്പിച്ചുവച്ചിരുന്ന കുത്താനുപയോഗിച്ച കത്തിയും പ്രതി പോലീസിന് കാണിച്ച് കൊടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.