റേഷൻ മസ്റ്ററിംഗ് : 4,60,306 പേർ പൂർത്തിയാക്കി
1461104
Tuesday, October 15, 2024 12:37 AM IST
തൊടുപുഴ: മഞ്ഞ, പിങ്ക് റേഷൻ കാർഡുകാർക്കുള്ള ഇകെവൈസി മസ്റ്ററിംഗ് ജില്ലയിൽ ഇതിനോടകം പൂർത്തിയാക്കിയത് 82 ശതമാനത്തോളം പേർ. ഒടുവിൽ ലഭ്യമായ കണക്കുപ്രകാരം ഇന്നലെ വരെ 4,60,306 പേർ മസ്റ്ററിംഗ് നടത്തിയിട്ടുണ്ട്. ജില്ലയിൽ മഞ്ഞ, പിങ്ക് കാർഡുകളിലായി ആകെ 5,63,704 ഗുണഭോക്താക്കളാണുള്ളത്. ജില്ലയിൽ 1,03,398 പേർ ഇനി മസ്റ്ററിംഗ് ചെയ്യാനുണ്ടെന്നാണ് സപ്ലൈ വകുപ്പിന്റെ കണക്ക്.
മസ്റ്ററിംഗ് നടത്താനുള്ള സമയപരിധി സർക്കാർ 25 വരെ ദീർഘിപ്പിച്ചത് ഗുണഭോക്താക്കൾക്ക് ആശ്വാസമായിട്ടുണ്ട്. റേഷൻ കാർഡുകളിൽനിന്നും അനർഹരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് എഎവൈ, ബിപിഎൽ കാർഡുകൾ ആധാറുമായി ലിങ്കു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നത്. കാർഡിൽ പേരുള്ള എല്ലാവരും റേഷൻ കടകളിലെത്തി നടപടി പൂർത്തിയാക്കണമെന്നാണ് നിബന്ധന. മസ്റ്ററിംഗ് പൂർത്തിയാകാത്ത പിങ്ക്, മഞ്ഞ കാർഡുടമകൾക്ക് റേഷൻ വിഹിതം നഷ്ടമാകും. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി ഓരോ വ്യക്തിയും റേഷൻ കടയിൽ നേരിട്ട് വന്ന് വിരൽ പതിച്ചാണ് മസ്റ്ററിംഗ് നടത്തേണ്ടത്.
അതേ സമയം, ആധാർ പുതുക്കാത്ത ഒട്ടേറെപ്പേരുടെ മസ്റ്ററിംഗ് മിക്ക റേഷൻ കടകളിലും നടത്താനായിട്ടില്ല. ചെറിയ കുട്ടികളും മുതിർന്നവരുമാണ് ഈ വിഭാഗത്തിൽ കൂടുതൽ. കടകളിലെത്തി ഏറെ ശ്രമിച്ച ശേഷവും മസ്റ്ററിംഗ് നടത്താനാവാതെ മടങ്ങുന്ന സാഹചര്യമുണ്ട്. ഇ -പോസ് മെഷിനുകളിൽ ഇവരുടെ കൈവിരൽ പതിച്ചാലും വിരലടയാളം പൊരുത്തപ്പെടാത്തതിനാൽ വിവരങ്ങൾ തെളിയുന്നില്ല. ഐറിസ് സ്കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ചു മസ്റ്ററിംഗ് പൂർത്തിയാക്കാനാകും.
എന്നാൽ നിലവിൽ റേഷൻകടകളിൽ ഐറിസ് സ്കാനറില്ല. റേഷൻ കടകളിൽ ഐറിസ് സ്കാനറുകൾ ലഭ്യമാക്കണമെന്നു റേഷൻ വ്യാപാരികൾ നേരത്തെമുതൽ ആവശ്യപ്പെടുന്നതാണ്. കിടപ്പുരോഗികൾ, റേഷൻ കടയിൽ നേരിട്ടു പോകാൻ സാധിക്കാത്ത തരത്തിൽ ശാരീരിക പ്രശ്നങ്ങളുള്ളവർ എന്നിവരുടെ മസ്റ്ററിംഗ് അവരുടെ വീടുകളിലെത്തി ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ഏറെപ്പേരുടെ മസ്റ്ററിംഗ് ഇനിയും പൂർത്തിയാക്കാനുണ്ട്.