സ്കൂട്ടറിനുള്ളിൽ പാന്പ്; യുവതി തലനാരിഴയ്ക്കു രക്ഷപ്പെട്ടു
1460843
Monday, October 14, 2024 2:29 AM IST
തൊടുപുഴ: സ്കൂട്ടറിനുള്ളിൽ കയറിയ പാന്പിന്റെ കടിയേൽക്കാതെ യുവതി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയാണ് സ്കൂട്ടറിന്റെ ഹെഡ് ലൈറ്റിനുള്ളിൽ ഒളിച്ച പാന്പിനെ പിടികൂടിയത്. തൊടുപുഴ ഒളമറ്റത്ത് ശനിയാഴ്ച വൈകുന്നേരം 4.15നായിരുന്നു സംഭവം. ഇടവെട്ടി സ്വദേശിനിയായ തണ്ണിക്കാട്ട് ശ്രീലക്ഷ്മിയുടെ സ്കൂട്ടറിലാണ് പാന്പ് കയറിയത്. ജോലി കഴിഞ്ഞ് ശ്രീലക്ഷ്മി സ്കൂട്ടർ ഓടിച്ചുപോകുന്പോഴാണ് പാന്പിനെ കണ്ടത്.
പാന്പ് ദേഹത്തുകൂടി ഇഴഞ്ഞെങ്കിലും കടിയേറ്റില്ല. ഉടൻതന്നെ വാഹനം നിർത്തി സമീപവാസികളെ വിളിച്ചുകൂട്ടി. നാട്ടുകാർ വാഹനം പരിശോധിച്ചെങ്കിലും പാന്പിനെ കണ്ടെത്താനായില്ല. ഇതോടെ തൊടുപുഴ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
ഉടൻതന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഉപകരണങ്ങൾ ഉപയോഗിച്ച് സ്കൂട്ടറിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റി പരിശോധിച്ചു. തുടർന്നാണ് ഹെഡ് ലൈറ്റിനു പിന്നിൽ മറഞ്ഞിരിക്കുന്ന പാന്പിനെ കണ്ടത്. തുടർന്ന് പാന്പിനെ സ്വതന്ത്രമാക്കി വിടുകയും ചെയ്തു. ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് പാന്പിനെ കണ്ടെത്തിയത്.
സ്കൂട്ടർ പാർക്ക് ചെയ്ത സമയത്ത് ഇതിനുള്ളിൽ പാന്പ് കയറിക്കൂടിയെന്നാണ് സംശയം. സീനിയർ ഫയർ ഓഫീസർ എം.എൻ. വിനോദ് കുമാർ, ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, ടി.കെ. വിവേക്, ലിബിൻ ജയിംസ്, ഹോം ഗാർഡ് എം.പി. ബെന്നി എന്നിവരായിരുന്നു ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.