രാഗിണിക്കു ഷെഫീക്കിനെ പിരിയേണ്ടി വരില്ല
1460841
Monday, October 14, 2024 2:24 AM IST
സർക്കാർ ജോലിക്കൊപ്പം കുട്ടിക്കു സംരക്ഷണവും
തൊടുപുഴ: രാഗിണിക്ക് ഷെഫീക്കിനെ പിരിയേണ്ടി വരില്ല. ഷെഫീക്കിനെ സംരക്ഷിച്ചുകൊണ്ടുതന്നെ രാഗിണിക്കു സർക്കാർ ജോലിയിൽ പ്രവേശിക്കാമെന്ന് സർക്കാർ ഉത്തരവായി. അടുത്തദിവസംതന്നെ വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള തൊടുപുഴ ഐസിഡിഎസ് ഓഫീസിൽ ഓഫീസ് അറ്റൻഡന്റായി ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവ് രാഗിണിക്ക് ലഭിച്ചു.
പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനത്തിനിരയായ ഷെഫീക്കിനെ സംരക്ഷിക്കുന്ന രാഗിണിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സർക്കാർ ജോലി. ഷെഫീക്കിനെ പിരിയാതെതന്നെ ജോലിചെയ്യാനുള്ള അവസരം ഒരുക്കണമെന്നായിരുന്നു രാഗിണിയുടെ ആവശ്യം.
തൊടുപുഴ ഐസിഡിഎസ് ഓഫീസിൽ ഓഫീസ് അറ്റൻഡന്റ് തസ്തിക ഒഴിവില്ലാത്തതിനാൽ സൂപ്പർ ന്യുമററി തസ്തിക സൃഷ്ടിച്ചാണ് ഇപ്പോൾ നിയമനം നൽകിയിരിക്കുന്നത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിലാണ് ഷെഫീക്കും രാഗിണിയും കഴിയുന്നത്. പത്തുവർഷത്തോളമായി രാഗിണിയുടെ സംരക്ഷണയിലാണ് ഷെഫീക്ക്.
കുട്ടിയുടെ പരിചരണംകൂടി കണക്കിലെടുത്ത് ആശുപത്രിക്കു സമീപത്തായി ജോലി നൽകണമെന്ന രാഗിണിയുടെ അപേക്ഷകൂടി കണക്കിലെടുത്ത് തൊടുപുഴ ഐസിഡിഎസ് ഓഫീസിൽ സൂപ്പർ ന്യുമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകാമെന്ന് വനിതാ ശിശുവികസന വകുപ്പ് സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.
നേരത്തേ രാഗിണിയെ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഓഫീസ് അറ്റൻഡന്റായി 8,500 - 13.210 രൂപ ശന്പള സ്കെയിലിൽ നിയമിക്കുന്നതിന് 2015 സെപ്റ്റംബർ പത്തിന് സർക്കാർ ഉത്തരവായിരുന്നെങ്കിലും നിയമനം നൽകിയിരുന്നില്ല. പത്തുവർഷത്തോളമായി തന്റെ മാത്രം സംരക്ഷണയിൽ കഴിയുന്ന ഷെഫീക്കിനെ അകറ്റാതെ കുഞ്ഞിന്റെ സംരക്ഷണം പൂർണമായും ഉറപ്പു വരുത്തുന്നതിനായി അൽ അസ്ഹർ മെഡിക്കൽ കോളജിലെ അമ്മത്താരാട്ട് വിഭാഗത്തിൽ ഡെപ്യൂട്ടേഷൻ നൽകി നിയമിക്കണമെന്ന് രാഗിണി അപേക്ഷ നൽകിയിരുന്നു.
ഇക്കാര്യത്തിൽ സർക്കാർ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയതിനെത്തുടർന്ന് കുട്ടിക്ക് മുഴുവൻസമയവും രാഗിണിയുടെ പരിചരണവും ജീവിതകാലം മുഴുവൻ മരുന്നും ആവശ്യമാണെന്ന് ഡോക്ടർ വ്യക്തമാക്കിയതായി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
കുട്ടിയുടെ കെയർ ടേക്കറായി തുടർന്നുകൊണ്ടുതന്നെ ജോലിയിൽ പ്രവേശിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. 2013 ജൂലൈയിലാണ് കുമളി ചെങ്കരയിലെ വീട്ടിൽവച്ച് ഷെഫീക്ക് പിതാവിന്റെയും രണ്ടാനമ്മയുടെയും പീഡനത്തിനിരയായത്. മർദ്ദനത്തെത്തുടർന്ന് സെറിബ്രൽ പൾസി ബാധിച്ച ഷെഫീക്ക് 2013 ഓഗസ്റ്റ് 15 മുതൽ രാഗിണിയുടെ സംരക്ഷണയിലാണ് കഴിയുന്നത്.