മലങ്കരയിൽ വികസനം പിന്നോട്ട്; മുടക്കിയ കോടികൾ പാഴാകുന്നു
1460833
Monday, October 14, 2024 2:24 AM IST
എൻട്രൻസ് പ്ലാസ അടഞ്ഞുകിടക്കുന്നു
തൊടുപുഴ: കോടികൾ ചെലവഴിച്ചെങ്കിലും സന്ദർശകർക്ക് പ്രയോജനപ്പടാതെ മലങ്കര ടൂറിസം ഹബ്ബിലെ വികസന പദ്ധതികൾ. ഹബ്ബിന്റെ പ്രവേശന കവാടത്തിൽ തന്നെ മൂന്നു കോടിയോളം രൂപ മുടക്കി നിർമിച്ചിരിക്കുന്ന എൻട്രൻസ് പ്ലാസ സന്ദർശകർക്കായി തുറന്നുനൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിലും അധികൃതർ തീർത്തും പരാജയമാണ്. സ്വകാര്യ പങ്കാളിത്തം വഴി വിവിധ സൗകര്യങ്ങൾ ഒരുക്കുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി. മലങ്കരയുടെ അടിസ്ഥാന വികസനം യാഥാർഥ്യമാക്കാനുള്ള വികസന സമിതി യോഗം ചേർന്നിട്ട് രണ്ടര വർഷത്തോളമായി.
മനോഹരമായ രീതിയിലാണ് എൻട്രൻസ് പ്ലാസ നിർമിച്ചിരിക്കുന്നതെങ്കിലും ഇത് ജനങ്ങൾക്ക് പ്രയോജനപ്രദമാക്കാൻ നടപടി സ്വീകരിക്കാത്തതിൽ ഇതിനോടകം തന്നെ പ്രതിഷേധം ശക്തമായിരുന്നു.
ഇതെ തുടർന്നാണ് എൻട്രൻസ് പ്ലാസ തുറന്നുനൽകാൻ തീരുമാനം എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നന്പറിനായി പഞ്ചായത്തിൽ അപേക്ഷ നൽകി. എന്നാൽ പഞ്ചായത്തിൽ നിന്നും കെട്ടിട നന്പർ ലഭിക്കാൻ വൈകുന്നതാണ് പ്ലാസ തുറക്കുന്നതിന് തടസമാകുന്നതെന്ന് എംവിഐപി അധികൃതർ പറയുന്നു.
കെട്ടിടം നിർമിച്ചതിന്റെ ഭാഗമായുള്ള ഏഴ് അപാകതകൾ പരിഹരിച്ചാൽ മാത്രമേ നന്പർ നൽകാനാവു എന്നാണ് പഞ്ചായത്തിന്റെ നിലപാട്. എന്നാൽ ഇത് ഒരുക്കി കെട്ടിട നന്പർ നേടിയെടുക്കാനുള്ള യാതൊരു ശ്രമവും എംവിഐപിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.
കെട്ടിടത്തിനുള്ള ഫയർ എൻഒസി ലഭ്യമാക്കണം, ഭിന്നശേഷിക്കാർക്കു കൂടി ഉപയോഗിക്കത്തക്ക വിധത്തിൽ ശുചിമുറിയിൽ മാറ്റം വരുത്തണം, പാർക്കിംഗ് ക്രമീകരണത്തിലെ അപാകത പരിഹരിക്കണം, എന്നിവയ്ക്കു പുറമെ സെപ്റ്റിക് ടാങ്കിനു സമീപം കുടിവെള്ള സ്രോ തസില്ലെന്നുള്ള സർട്ടിഫിക്കറ്റും നൽകണം.
നന്പർ ഇടേണ്ട മുറിക ളുടെ ഏരിയ തരം തിരിച്ചു ലഭ്യമാക്കണം, സോളാർ എനർജി സിസ്റ്റം സ്ഥാപിക്കണം, സോളാർ വാട്ടർ ഹീറ്റിംഗ് സംവിധാനം ഉൾപ്പെടുത്തണം തുടങ്ങിയവയാണ് കെട്ടിട നന്പർ ലഭിക്കാനായി വരുത്തേണ്ട മാറ്റങ്ങൾ.
എന്നാൽ പഞ്ചായത്ത് ഇക്കാര്യം അറിയിച്ചിട്ടും ഇത് പരിഹരിക്കാനുള്ള ഒരു നടപടിയും നടത്തിയിട്ടില്ല. മാറ്റങ്ങൾ വരുത്തി കെട്ടിട നന്പർ ലഭിച്ച് കഴിഞ്ഞാൽ അഞ്ച് മുറികളും കോണ്‍ഫറൻസ് ഹാളും വാടകയ്ക്ക് നൽകുന്നതിലൂടെ എംവിഐപിക്ക് വരുമാനവും നേടാൻ കഴിയും.
ഇതിനിടെയാണ് ടൂറിസം ഹബ്ബിന്റെ വികസന സമിതി ചേരുന്നില്ലെന്നുള്ള ആക്ഷേപവും ഉയരുന്നത്. 2022 ജൂണ്‍ 23നാണ് അവസാനമായി സമിതി യോഗം ചേർന്നത്. എംഎൽഎ -ചെയർമാൻ , ജില്ല കളക്ടർ -വൈസ് ചെയർമാൻ , എംവിഐപി എക്സിക്യൂട്ടീവ് എൻജിനിയർ -സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നതാണ് വികസന സമിതി.
ആറു മാസത്തിലൊരിക്കലെങ്കിലും യോഗം ചേരണമെന്നിരിക്കേയാണ് രണ്ടര വർഷത്തിനിടെ ഒരു ജനറൽ കൗണ്‍സിൽ പോലും ചേരാത്തത്. വികസന പദ്ധതികൾ വിലയിരുത്താനും ചർച്ച ചെയ്യാനുമായുള്ള ജനറൽ കൗണ്‍സിൽ യോഗം ചേരാത്തതിനാൽ സന്ദർശകർക്കായി ഒരു പദ്ധതി പോലും ഇവിടെ നടപ്പാകുന്നില്ല.
ഇതിനിടെ മലങ്കര ഹബ്ബിൽ പദ്ധതികൾ ആരംഭിക്കാനായി സ്വകാര്യ സംരംഭകർ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇതിനും അനുമതി ലഭിക്കുന്നില്ല. സ്വകാര്യ സംരംഭകർക്ക് പദ്ധതികൾ ആരംഭിക്കാൻ അവസരമൊരുക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഇതും പ്രഖ്യാപനം മാത്രമായി ഒതുങ്ങി.