ദേശീയപാത ഉപരോധിച്ചു; റോഡരികിലെ മരം മുറിച്ചു
1459874
Wednesday, October 9, 2024 6:00 AM IST
അടിമാലി: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് എന്‍എച്ച് സംരക്ഷണസമിതി ദേവികുളം താലൂക്കില്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് പൂര്‍ണം.
നേര്യമംഗലം വനമേഖലയില്‍ ദേശീയപാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കണമെന്ന് കോടതി നിര്‍ദേശം ഉണ്ടായിട്ടും മരങ്ങള്‍ മുറിക്കാന്‍ വനം, റവന്യൂ വകുപ്പുകള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍എച്ച് സംരക്ഷണസമിതി ദേവികുളം താലൂക്കില്‍ പൊതുപണിമുടക്കിനും പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിരുന്നത്.
താലൂക്കിലെ ഗ്രാമീണ മേഖലകളിലടക്കം പണിമുടക്ക് പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും ഓട്ടോ-ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങാതെ വന്നതോടെ പണി മുടക്ക് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചു.
കെഎസ്ആര്‍സി ബസുകള്‍ സര്‍വീസ് നടത്തി. ചുരുക്കം വിനോദസഞ്ചാര വാഹനങ്ങളും നിരത്തിലിറങ്ങി. പ്രതിഷേധ സൂചകമായി വാളറയില്‍ സമരക്കാര്‍ യോഗം സംഘടിപ്പിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന് യോഗം ഉദ്ഘാടനം ചെയ്തു.
മരം മുറിച്ചും പ്രതിഷേധം; വാളറയിൽ ദേശീയ പാത ഉപരോധിച്ചു
ദേശീയപാതയോരത്തെ മരങ്ങള്‍ മുറിച്ചും സമരക്കാര്‍ പ്രതിഷേധിച്ചു. വാളറയില്‍ ദേശീയപാത ഉപരോധവും സംഘടിപ്പിച്ചു. ഇതോടെ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പ്രതിഷേധ പ്രകടനത്തോടെ പ്രതിഷേധ യോഗവും ഉപരോധ സമരവും അവസാനിപ്പിച്ചു. പ്രതിഷേധ യോഗത്തില്‍ എന്‍എച്ച് സംരക്ഷണ സമിതി ചെയര്മാന് പി.എം. ബേബി അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഇതര സംഘടനകളുടെയും എന്‍എച്ച് സംരക്ഷണ സമിതിയുടെയും ഭാരവാഹികള്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തു. വനം, റവന്യു വകുപ്പുകള്‍ മരം മുറിക്കാതെ ആളുകളുടെ ജീവന് വച്ച് പന്താടുകയാണെന്ന് സമരക്കാർ ആരോപിച്ചു.