സ്വകാര്യ തൊഴിലിടങ്ങളിൽ ജോലിഭാരം കുറയ്ക്കണം: യൂത്ത് ഫ്രണ്ട്-എം
1459868
Wednesday, October 9, 2024 6:00 AM IST
തൊടുപുഴ: രാജ്യത്തെ സ്വകാര്യ തൊഴിൽമേഖലകളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ജോലിസമയം ക്രമീകരിക്കുന്നതിനും മേൽ ഉദ്യോഗസ്ഥരുടെ ചൂഷണം ഒഴിവാക്കുന്നതിനും നിയമ ഭേദഗതി കൊണ്ടുവരണമെന്ന് കേരള കോണ്ഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല ആവശ്യപ്പെട്ടു.
യൂത്ത് ഫ്രണ്ട് - എം ഇടുക്കി മേഖല നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂനെ ഇവൈ ഇന്ത്യ കന്പനി ജീവനക്കാരി അന്ന അമിത ജോലി ഭാരം നിമിത്തം മരണമടഞ്ഞത് തൊഴിൽമേഖലയിലെ ചൂഷണത്തിന്റെ ഭാഗമാണെന്നും സ്വകാര്യമേഖലയിൽ യുവജനങ്ങൾ പന്ത്രണ്ടു മുതൽ പതിനാറു മണിക്കൂറുകൾ വരെ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യേണ്ടി വരുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് അവരെ എത്തിക്കുകയാണെന്നും പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടില്ലെന്ന് ഉറപ്പാക്കാൻ പൊതു - സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങൾ പരിശോധിക്കാൻ കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്് ജിമ്മി മാറ്റത്തിപ്പാറ, സാജൻ തൊടുക, ഷേക്ക് അബ്ദുള്ള, വിപിൻ സി. അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.