പരപ്പിലെ 783 കുടുംബങ്ങൾക്ക് ആശ്വാസമൊരുക്കി മേരിക്വീൻസ് ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ്
1459658
Tuesday, October 8, 2024 6:46 AM IST
കട്ടപ്പന: പരപ്പിലെ 783 കുടുംബങ്ങൾക്ക് ആശ്വാസമൊരുക്കി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രി ടീം. സിഎംഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യാ സാമൂഹിക ക്ഷേമവിഭാഗത്തിന്റെയും പരപ്പ് വികാസ് യോജന സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ 783 പേർ ചികിത്സ തേടിയെത്തി. പരപ്പ് ചാവറഗിരി സിഎംഐ സ്പെഷൽ സ്കൂൾ കാന്പസിൽ നടന്ന മെഡിക്കൽ ക്യാമ്പ് അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോൾ ജോൺസൺ ഉദ്ഘാടനം ചെയ്തു.
പരപ്പ് വികാസ് ഡയറക്ടർ ഫാ. ലിജോ കൊച്ചുവീട്ടിൽ സിഎംഐ, മേരിക്വീൻസ് ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ, ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സിഎംഐ, ഫാ. സിറിൾ തളിയൻ സിഎംഐ, പ്രിൻസിപ്പൽ ഫാ. പ്രിൻസ് മുല്ലമംഗലത്ത് സിഎംഐ, അയ്യപ്പൻകോവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
ക്യാമ്പിൽ ന്യൂറോളജി, എൻഡോക്രൈനോളജി, ശ്വാസകോശ രോഗ ചികിത്സ, ഓർത്തോപീഡിക് ആൻഡ് ജോയിന്റ് റീപ്ലേസ്മെന്റ്, ഇഎൻടി ആൻഡ് ഇഎൻടി സർജറി, ജനറൽ മെഡിസിൻ, ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി, ഗൈനക്കോളജി, ശിശുരോഗ ചികിത്സ, ത്വക്ക് രോഗ ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുത്തു.