ഉപ്പുതറ സിഎച്ച്സിയെ തരംതാഴ്ത്തി; പ്രതിഷേധം ശക്തം
1459384
Monday, October 7, 2024 3:05 AM IST
ഉപ്പുതറ: ഹൈറേഞ്ചിലെ ആദ്യത്തെ സർക്കാർ ആശുപത്രിയായ ഉപ്പുതറ ബ്ലോക്ക് കമ്യൂണിറ്റി സെന്ററിന് പദവി നഷ്ടമായി. ആരോഗ്യ വകുപ്പിന്റെ തീരുമാനപ്രകാരം ആശുപത്രിയിലെ സിവിൽ സർജൻ, ഹെൽത്ത് സൂപ്പർവൈസർ, ലേഡി ഹെൽത്ത് സൂപ്പർവൈസർ, പിആർഒ തസ്തികകൾ നിർത്തലാക്കി.
ആശുപതിയുടെ പദവിയും ജീവനക്കാരുടെ തസ്തികയും നഷ്ടമായതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് ജനകീയ സമരം തുടങ്ങുമെന്ന് ഡിസിസി ജന. സെക്രട്ടറി അഡ്വ. അരുൺ പൊടിപ്പാറ അറിയിച്ചു. യൂത്ത് കോൺഗ്രസ് ഉടൻ പ്രത്യക്ഷസമരം തുടങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കൽപ്പറമ്പിലും പറഞ്ഞു.
1948 ലാണ് ഉപ്പുതറയിൽ സർക്കാർ ആശുപത്രി തുടങ്ങിയത്. പിന്നീടിത് ബ്ലോക്ക് മദർ പിഎച്ച്സി ആയി ഉയർത്തി. കട്ടപ്പന ബ്ലോക്കിനു കീഴിലുള്ള ഏഴു പഞ്ചായത്തുകളിലെയും ഇടുക്കി ബ്ലോക്കിലെ മരിയാപുരം, കാമാക്ഷി, ചെമ്പകപ്പാറ എന്നിവിടങ്ങളിലേയും പിഎച്ച്സികളുടെയും ചുമതല ഉപ്പുതറ ആശുപത്രിക്കായിരുന്നു. സിവിൽ സർജൻ അടക്കം ഏഴു ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും തസ്തികയും ഉണ്ടായിരുന്നു.
കുറേ വർഷമായി ഉപ്പുതറ ആശുപത്രിയെ അധികൃതർ അവഗണിച്ച സ്ഥിതിയിലായിരുന്നു. ഡോക്ടർമാർ ഇല്ലാത്തതിനാൽ കിടത്തിച്ചികിത്സ നിഷേധിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. ഉപ്പുതറ പഞ്ചായത്തിലെ 12 ആദിവാസി മേഖലകളിലെയും പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളിലെയും തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ചികിത്സ തേടുന്ന ആശുപത്രിയാണിത്.