ഉപജില്ലാ കായികമേള: വെള്ളാരംകുന്ന് സെന്റ് മേരീസ് ചാന്പ്യന്മാർ
1459380
Monday, October 7, 2024 3:05 AM IST
വെള്ളാരംകുന്ന്: പീരുമേട് ഉപജില്ലാ കായികമേളയിൽ 13-ാം തവണയും വെള്ളാരംകുന്ന് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാന്പ്യന്മാരായി. 272 പോയിന്റോടെയാണ് സെന്റ് മേരീസ് ചാന്പ്യൻപട്ടം നിലനിർത്തിയത്. 127 പോയിന്റ് നേടി മുണ്ടക്കയം സെന്റ് ആന്റണീസ് ഈസ്റ്റ് സ്കൂൾ ഫസ്റ്റ് റണ്ണർ അപ്പ് ആയി. 98 പോയിന്റ് നേടി പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ സെക്കന്‍ഡ് റണ്ണർ അപ്പായി.
സമാപന സമ്മേളനം സ്കൂൾ മാനേജർ റവ. ഡോ. അഗസ്റ്റിൻ പുതുപറന്പിൽ ഉദ്ഘാടനം ചെയ്തു. കുമളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിദ്ധിഖ് അധ്യക്ഷത വഹിച്ചു. പീരുമേട് എഇഒ എം. രമേശ് സമ്മാനദാനം നിർവഹിച്ചു. എസ്ഡിഎസ്ജിഎ സെക്രട്ടറി പി.ജെ. ഫ്രാൻസിസ്, എം. ഗണേശൻ, പിടിഎ പ്രസിഡന്റ് ജോർജ് കണിപറന്പിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ജോണ്‍, പ്രിൻസിപ്പൽ റെജി ടി. തോമസ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ മാനേജർ റവ. ഡോ. അഗസ്റ്റിൻ പുതുപറന്പിൽ വെള്ളാരംകുന്ന് സെന്റ് മേരീസ് സ്കൂൾ കായികാധ്യാപകൻ മാർട്ടിൻ ജോസിനെ യോഗത്തിൽ അനുമോദിച്ചു.