ആലടിക്കുന്നുകാരുടെ കുടിവെള്ളം മുട്ടി; വാട്ടർ അഥോറിറ്റിക്ക് കുലുക്കമില്ല
1459378
Monday, October 7, 2024 3:05 AM IST
ഉപ്പുതറ: അയ്യപ്പൻകോവിൽ അരയത്തനാൽകുന്ന്, ആലടിക്കുന്ന് പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങളായി. ചെന്നി നായിക്കൻകുടി പമ്പ്ഹൗസിലെ മോട്ടോർ കത്തിയതാണ് കുടിവെള്ളം മുടങ്ങാൻ കാരണം. വാട്ടർ അഥോറിറ്റിയിൽ ദിവസേനയെന്നോണം പരാതിയറിയിച്ചിട്ടും ഇതുവരെയും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
കർഷകരും കർഷക തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ആലടിക്കുന്ന്. ഇവിടമൊരു പട്ടികജാതി മേഖല കൂടിയാണ്. ദിവസേന പണിക്ക് പോയി അന്നത്തിന് പണം കണ്ടെത്തുന്നവരാണ് ഭൂരിഭാഗവും. വാട്ടർ അഥോറിറ്റിയുടെ ചെന്നിനായ്ക്കൻകുടി പമ്പ്ഹൗസിൽനിന്നു ലഭിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണിവർ കഴിയുന്നത്.
വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച പൈപ്പിലൂടെ എത്തുന്ന വെള്ളം ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, ഓണം കഴിഞ്ഞ തൊട്ടടുത്ത ദിവസം മോട്ടോർ കത്തി നശിച്ചു. ഇതോടെ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളവും മുടങ്ങി. ആലടിക്കുന്നിന് മുകളിൽ താമസിക്കുന്നവരാണ് ഏറെ വറുതിയിൽ കഴിയുന്നത്.
ദൂരസ്ഥലങ്ങളിൽ പോയാണ് കുടിവെള്ളം സംഭരിക്കുന്നത്. അലക്കാനും കുളിക്കാനും ദൂരെ സ്ഥലത്തുള്ള പെരിയാറിനെയാണ് ആശ്രയിക്കുന്നത്.
ദൂരെ സ്ഥലങ്ങളിൽ പോയി വെള്ളം സംഭരിക്കേണ്ടി വരുന്നതിനാൽ പല ദിവസവും ഇവർക്ക് ജോലിക്കു പോകാനും കഴിയുന്നില്ല. വാട്ടർ അഥോറിറ്റി ധാർഷ്ട്യം വെടിഞ്ഞ് കുടിവെള്ളവിതരണത്തിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.