കാർഷികമേഖലയിൽ ദുരിതംവിതച്ച് ഒച്ചുശല്യം
1459377
Monday, October 7, 2024 2:55 AM IST
കട്ടപ്പന: കാർഷിക മേഖല തകർത്ത് ഒച്ചുശല്യം. കാലാവസ്ഥാ വ്യതിയാനവും വിളവു കുറവും വന്യ മൃഗ ആക്രമണവും നടുവൊടിച്ച കർഷകർക്ക് ഇരട്ടി പ്രഹരമായാണ് ഒച്ചു ശല്യവും വർധിച്ചിരിക്കുന്നത്.
പച്ചക്കറി മുതൽ ഏലം അടക്കമുള്ള കൃഷികൾ ഒച്ച് പാടെ നശിപ്പിക്കുകയാണ്. കാഞ്ചിയാർ അടക്കമുള്ള കാർഷികമേഖലയിൽ വലിയതോതിലാണ് ഒച്ചുകൾ പെരുകുന്നത്. അടുക്കളത്തോട്ടം അടക്കമുള്ള പച്ചക്കറി കൃഷിയിടങ്ങളിൽ വ്യാപക നാശമാണ് ഒച്ചുകൾ വരുത്തിയിട്ടുള്ളത്.
പച്ചക്കറി ചെടികളുടെ ഇലകളും തണ്ടും ഇവ പൂർണമായി തിന്നുനശിപ്പിക്കുകയാണ്. കൂടാതെ വേരുകളിലും നാശം ഉണ്ടാക്കും. ഇതോടെ പച്ചക്കറി കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് വീട്ടമ്മമാർ ഉൾപ്പെടെയുള്ള പച്ചക്കറി കർഷകർ.
ഏലം അടക്കമുള്ളവയുടെ ശരങ്ങളിലാണ് ഒച്ചുകൾ നാശം വിതയ്ക്കുന്നത്. ശരങ്ങളിലെ പൂവും ചെറു കായ്കളും പാടെ നശിപ്പിക്കുകയാണ്.
കുരുമുളക്, മറ്റു ഫല വൃക്ഷങ്ങൾ എന്നിവയുടെ തളിരിലകളാണ് ഇവ തിന്നു തീർക്കുന്നത്. കൃഷിയിടങ്ങൾക്ക് പുറമേ വീടുകളിലും ഒച്ചിന്റെ ശല്യം വർധിച്ചിരിക്കുകയാണ്.
മുൻപ് ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിൽ വലിയ നാശം ഉണ്ടാക്കിയിരുന്നു. ഏതാനും മേഖലകളിൽ മാത്രമായിരുന്നു അവയുടെ ശല്യം ഉണ്ടായിരുന്നത്. ഇപ്പോൾ സാധാരണമായി ഈർപ്പമുള്ള ഭാഗങ്ങളിൽ കണ്ടുവരുന്ന ഒച്ചുകളാണ് മുട്ടയിട്ട് പെരുകി ഹൈറേഞ്ചിൽ ആകെ വ്യാപിക്കുന്നത്.
മെറ്റാൽഡേ ഹൈഡ് സ്ലഗ് പെല്ലറ്റ്സ് എന്ന കീടവസ്തു ഉപയോഗിച്ചാൽ ഒരു പരിധിവരെ ഇവയെ തുരത്താം എന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.