മീൻമുട്ടി-ആലക്കോട് വളവിൽ അപകടം പതിവാകുന്നു
1458941
Saturday, October 5, 2024 2:31 AM IST
ആലക്കോട്: മീൻമുട്ടി-ആലക്കോട് വളവ് അപകടക്കെണിയായി മാറുന്നു. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ യുവാവ് മരണമടഞ്ഞിരുന്നു. റോഡിന്റെ അശാസ്ത്രീയ നിർമാണവും റോഡിന്റെ നടുവിൽ രൂപപ്പെട്ടിട്ടുള്ള ഗർത്തവുമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് ആക്ഷേപം.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവിടെയുണ്ടായ അപകടത്തിൽ രണ്ടു പേരുടെ ജീവനാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ചാണ് ആലക്കോട് സ്വദേശിയായ 22 കാരൻ അനന്തു കെ. ശ്രീധരൻ മരണമടഞ്ഞത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേറ്റ് ചികിത്സയിലാണ്. പിന്നാലെ വന്ന കാർ വെട്ടിച്ച് ഇലക്ട്രിക് പോസ്റ്റിലിടിച്ചു നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.
അപകടങ്ങൾ പതിവായിട്ടും റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കാൻ നടപടിയില്ല. ഇതിനു പുറമേ ഇവിടെ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചെങ്കിലും ഇക്കാര്യത്തിലും നടപടിയില്ല.
അപകടം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിച്ചില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പിനെതിരേ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ഡിസിസി സെക്രട്ടറി തോമസ് മാത്യു കക്കുഴി, കോണ്ഗ്രസ് കരിമണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എം. ചാക്കോ, ബ്ലോക്ക് സെക്രട്ടറി ബൈജു ജോർജ്, കോണ്ഗ്രസ് ആലക്കോട് മണ്ഡലം പ്രസിഡന്റ് സി.വി. ജോമോൻ എന്നിവർ പറഞ്ഞു.