അമ്മിണി വധക്കേസ്: പ്രതിക്ക് ജീവപര്യന്തവും 23 വർഷം തടവും
1458365
Wednesday, October 2, 2024 6:54 AM IST
തൊടുപുഴ: കട്ടപ്പന കുന്തളംപാറയിൽ വയോധികയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ഉൾപ്പെടെ 37 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ. കുര്യാലിൽ കാമാക്ഷിയുടെ ഭാര്യ അമ്മിണിയെ (62) കൊലപ്പെടുത്തിയ കേസിൽ കുന്തളംപാറ പ്രിയദർശിനി എസ്സി കോളനി സ്വദേശി വീരഭവനം വീട്ടിൽ എസ്. മണി (47) യെ തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ആഷ്കെ. ബാൽ ശിക്ഷിച്ചത്.
ജീവപര്യന്തം കഠിന തടവിനു പുറമേ വിവിധ വകുപ്പുകൾ പ്രകാരം 10 വർഷം കഠിനതടവും 50,000 രൂപ പിഴയും, മൂന്നു വർഷം തടവും 10,000 രൂപ പിഴയും 10 വർഷം കഠിനതടവും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ യഥാക്രമം രണ്ടു വർഷം വീതം കഠിന തടവിനുമാണ് ശിക്ഷിച്ചത്.
അമ്മിണിയെ കാണാതായതിനെത്തുടർന്ന് കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ എസ്ഐ സന്തോഷ് സജീവും സംഘവും അമ്മിണിയുടെ വീടിനു സമീപത്തായി പരിശോധന നടത്തിയപ്പോൾ മണ്ണിളകിക്കിടക്കുന്നത് കണ്ടെത്തുകയും മണ്ണു മാറ്റി പരിശോധന നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. റേഡിയോ, ഇസ്തിരിപ്പെട്ടി, പാത്രങ്ങൾ മുതലായവ വീട്ടിൽനിന്നും കാണാതായതായി വ്യക്തമാകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2020 ജൂണ്‍ രണ്ടിന് രാത്രിയാണ് അമ്മിണിയെ വീട്ടിലെത്തി പ്രതി കൊലപ്പെടുത്തിയത്. പീഡനശ്രമം എതിർത്ത അമ്മിണിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് ഇവിടെനിന്ന് ഉപകരണങ്ങൾ മോഷ്ടിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്തു. വീട് അടച്ചിട്ടിരുന്നതിനാൽ അയൽവാസികൾ അമ്മിണിയെക്കുറിച്ച് അന്വേഷിച്ചില്ല. തുടർന്ന് ആറിന് രാത്രി അയൽപക്കത്തെ വീട്ടിൽനിന്ന് തൂന്പ വാങ്ങി അമ്മിണിയുടെ വീടിനോടു ചേർന്ന് കുഴിയെടുത്ത ശേഷം പിറ്റേന്ന് രാത്രി മൃതദേഹം മറവുചെയ്തു. പിന്നീട് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. വണ്ടൻമേട് സിഐ വി.എ. നവാസിന്റെ നേതൃത്വത്തിൽ ജൂലൈ 22ന് തേനി ബസ് സ്റ്റാൻഡിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ മോഷ്ടിച്ച വസ്തുക്കൾ വിവിധ സ്ഥലങ്ങളിൽനിന്ന് കണ്ടെടുത്തു. അമ്മിണിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച തൂന്പയും കണ്ടെടുത്ത് തെളിവുകൾ ശേഖരിച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കി. തുടർന്ന് കട്ടപ്പന സിഐ വിശാൽ ജോണ്‍സണാണ് കുറ്റപത്രം സമർപ്പിച്ചത്.
തനിച്ച് താമസിച്ചിരുന്ന അമ്മിണിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ദൃക്സാക്ഷികൾ ആരും ഇല്ലാതിരുന്നതെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 34 സാക്ഷികളെ വിസ്തരിക്കുകയും 72 പ്രമാണങ്ങൾ ഹാജരാക്കുകയുംചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ് ഹാജരായി.